മലപ്പുറം: പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞ സംഭവത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഏഴൂര്‍ സ്വദേശി കൃഷ്ണന് കുട്ടി (58) മരിച്ചു. നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന കൃഷ്ണന്‍കുട്ടിയെയും പോത്തന്നൂര്‍ ആലുക്കല്‍ ഹംസയെയും തുമ്പിക്കൈ കൊണ്ട് പിടിക്കുകയായിരുന്നു. ഇതിനിടെ ഹംസ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൃഷ്ണന്‍കുട്ടിയെ തുമ്പിക്കൈക്കും കൊമ്പിനും ഇടയില്‍ തൂക്കിയെടുത്ത് ഉയര്‍ത്തിയ ആന താഴേക്ക് എറിഞ്ഞു. അടുത്തു നിന്നിരുന്ന ചിലരാണ് ഇയാളെ വലിച്ചെടുത്ത് മാറ്റിയത്. ഇതോടെ ആന ശാന്തമായി അനങ്ങാതെ നിന്നു. ഇതിനിടെ കൂട്ടത്തിലുണ്ടായിരുന്ന മറ്റു 4 ആനകളെ പാപ്പാന്മാര് മാറ്റി. തുടര്‍ന്ന് പാപ്പാനും മറ്റുള്ളവരും ചേര്‍ന്ന് ശ്രീക്കുട്ടന് എന്ന ആനയെ തളച്ചു. ഭാര്യ: പ്രേമ (ഡ്രൈവിങ് സ്കൂള്‍ ടീച്ചര്‍). മക്കള്‍: അജിത്, അഭിജിത്.
ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടറോട് ഹൈക്കോടതി ഇന്നലെ റിപ്പോര്‍ട്ട് തേടിയിരുന്നു. പരിപാടിക്ക് അനുമതി നല്കിയ കാര്യത്തിലടക്കം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. തിങ്കളാഴ്ച കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണം.