NEWSWorld

ലൊസാഞ്ചലസില്‍ കാട്ടുതീ: 5 മരണം, 70,000 പേരെ ഒഴിപ്പിച്ചു, നിശ്ചലമായി ഹോളിവുഡ്

ലൊസാഞ്ചലസ്: നാഗരത്തില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ഇതുവരെ 5 മരണം. ലൊസാഞ്ചലസിലും കലിഫോര്‍ണിയയിലെ ഗ്രേറ്റര്‍ ലൊസാഞ്ചലസ് പ്രദേശങ്ങളിലുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ഹോളിവുഡിലെ പ്രമുഖ നടീനടന്മാരും സംഗീതജ്ഞരും ദുരിതം അനുഭവിക്കുകയാണെന്നു റിപ്പോര്‍ട്ട്. നാലഞ്ചു വലിയ തീപിടിത്തങ്ങള്‍ അണയ്ക്കാന്‍ കഴിയാത്തതാണു ദുരന്തതീവ്രത കൂട്ടിയത്.

പാലിസേഡ്‌സ്, ഈറ്റണ്‍, ഹേസ്റ്റ് പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗം വളരെ കൂടുതലായതിനാല്‍ തീ അണയ്ക്കാന്‍ പ്രയാസം നേരിടുന്നുണ്ട്. ജലക്ഷാമവും അഗ്‌നിശമന സാമഗ്രികളുടെ അഭാവവും നേരിടുന്നതിനിടെയാണു ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തം ലൊസാഞ്ചലസിലുണ്ടായത്. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അഗ്‌നിശമന സേനയിലെ വിരമിച്ച അംഗങ്ങളെ സഹായത്തിനായി വിളിച്ചിട്ടുണ്ട്. ദുരന്തത്തെ തുടര്‍ന്ന്, സിനിമയുടെ പ്രീമിയര്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ റദ്ദാക്കിയതോടെ ഹോളിവുഡ് നിശ്ചലമായ മട്ടാണ്.

Signature-ad

യുഎസിലെ രണ്ടാമത്തെ വലിയ നഗരത്തിനു ചുറ്റും പൊട്ടിപ്പുറപ്പെട്ട കാട്ടുതീയില്‍ ആയിരത്തിലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചു. പതിനായിരക്കണക്കിന് ആളുകളെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചു. എല്ലായിടത്തും കാണുന്നതു പുക മൂടിയ ആകാശമാണ്. ശക്തിയേറിയ കാറ്റില്‍ തീ ആളിപ്പടര്‍ന്നതാണു രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നത്. ”ഞങ്ങള്‍ കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്. പക്ഷേ, ഈ പ്രശ്‌നം കൈകാര്യം ചെയ്യാനുള്ളത്ര അഗ്‌നിശമന സേനാംഗങ്ങള്‍ ഇവിടെയില്ല” ലൊസാഞ്ചലസ് കൗണ്ടി അഗ്‌നിശമനസേനാ മേധാവി ആന്റണി മാരോണ്‍ പറഞ്ഞു.

ബുധനാഴ്ച ഉച്ചയോടെ പസിഫിക് പാലിസേഡ്‌സില്‍ പടര്‍ന്ന തീ ഏകദേശം 16,000 ഏക്കറിലേക്കാണു വ്യാപിച്ചത്. 1,000 വീടുകളും വ്യവസായ സ്ഥാപനങ്ങളും നശിച്ചെന്നാണു വിവരം. നഗരത്തിനു വടക്കുള്ള അല്‍റ്റഡേനയ്ക്കു ചുറ്റും 10,600 ഏക്കറിലും തീ പടര്‍ന്നു. സ്ഥിതിഗതികള്‍ അന്വേഷിച്ച പ്രസിഡന്റ് ജോ ബൈഡന്‍, തീ നിയന്ത്രിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് അറിയിച്ചു.

Back to top button
error: