CrimeNEWS

പേരൂര്‍ക്കട ആശുപത്രിയില്‍നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട് പ്രതി; ആളെത്തപ്പി നെട്ടോട്ടമോടി പോലീസ്

തിരുവനന്തപുരം: പേരൂര്‍ക്കട ആശുപത്രിയില്‍നിന്ന് പോലീസിനെ വെട്ടിച്ച് ഓടിപ്പോയ മോഷണക്കേസ് പ്രതിയെ കണ്ടെത്താനായില്ല. പ്രതിയെ പിടികൂടാനായി വിവിധ സംഘങ്ങള്‍ അന്വേഷണം നടത്തുന്നതായി പേരൂര്‍ക്കട പോലീസ് പറഞ്ഞു. തിരുവല്ലം പോലീസ് പിടികൂടി പേരൂര്‍ക്കട പോലീസിനു കൈമാറിയ ചാക്ക ബാലനഗര്‍ സ്വദേശി അനൂപ് ആന്റണി (30) ആണ് പോലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി കടന്നത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.

തിരുവല്ലം സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ അക്രമം നടത്തിയതിനാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലില്‍ പേരൂര്‍ക്കട സ്റ്റേഷന്‍ പരിധിയിലെ ക്ഷേത്രമോഷണക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പേരൂര്‍ക്കട പോലീസിനു ഇയാളെ കൈമാറി. ചൊവ്വാഴ്ച ഉച്ചയോടെ ദേഹപരിശോധനയ്ക്കായി പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കൂടെയുണ്ടായിരുന്ന പോലീസിനെ വെട്ടിച്ച് പ്രതി ഓടിപ്പോയത്.

Signature-ad

ഒരു എസ്.ഐ.യും രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാരും ഹോംഗാര്‍ഡും കൂടെയുണ്ടായിരുന്നിട്ടും പ്രതി രക്ഷപ്പെട്ടത് അസ്വാഭാവികമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. തിരുവല്ലം വണ്ടിത്തടം സ്വദേശി ഷംലയുടെ പേരിലുള്ള കാര്‍ തകര്‍ത്തതിനും മകന്‍ ഷാനിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചതിനെയും തുടര്‍ന്നാണ് തിരുവല്ലം പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് പേരൂര്‍ക്കട സ്റ്റേഷന്‍ പരിധിയിലെ അമ്പലംമുക്ക് എന്‍.സി.സി. റോഡ് രാമപുരം പാലാംവിള ഇശക്കിയമ്മന്‍ ക്ഷേത്രത്തിലെ മോഷണക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്.

തുടര്‍ന്നാണ് പ്രതിയെ പേരൂര്‍ക്കട പോലീസിനു കൈമാറിയത്. തെളിവെടുപ്പിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെ ദേഹപരിശോധനയ്ക്കായി കൈവിലങ്ങിട്ട് ഇയാളെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെത്തിച്ചു. എസ്.ഐ.യും രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാരും ഹോം ഗാര്‍ഡും കൂടെയുണ്ടായിരുന്നു. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പ്രതി പറഞ്ഞതിനാല്‍ ഒരു കൈയിലെ വിലങ്ങ് പോലീസ് അഴിച്ചു. തുടര്‍ന്നാണ് പ്രതി ആശുപത്രിയില്‍നിന്ന് ഓടിപ്പോയത്. മുപ്പത്തിയഞ്ചോളം കേസുകളിലെ പ്രതിയാണ് അനൂപ് ആന്റണി എന്നാണ് വിവരം.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: