മലപ്പുറം: പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന് വഴിതെളിയുന്നു. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം രാഷ്ട്രീയമായ കാര്യമാണ്. യുഡിഎഫ് വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുഡിഎഫ് ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അന്‍വര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രശ്നങ്ങളില്‍ യുഡിഎഫിന് എതിര്‍പ്പൊന്നുമില്ല. വന നിയമഭേദഗതി കുറച്ച് സങ്കീര്‍ണമാണ്. അവിടെ മനുഷ്യത്വപരമായ സമീപനം ഉണ്ടായിരിക്കണം. നിയമഭേദഗതി നടപ്പില്‍ വന്നാല്‍ സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് തോന്നുന്നത്. അതുകൊണ്ട് നിയമഭേദഗതി സര്‍ക്കാര്‍ പുനരാലോചിക്കണം. സങ്കീര്‍ണതകള്‍ പരിഹരിക്കണമെന്നും സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് അന്‍വര്‍ മാത്രമല്ല, കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനു വേണ്ടതെല്ലാമാണോ അതെല്ലാം യുഡിഎഫ് ചെയ്യും. അത് യുഡിഎഫിന്റെ കടമയാണ്. പത്തു വര്‍ഷമായി യുഡിഎഫ് അധികാരത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഇനിയും അധികാരത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സാധിക്കില്ല. അതിനാല്‍ അധികാരത്തില്‍ വരാന്‍ രാഷ്ട്രീയമായ എല്ലാ കാര്യങ്ങളും യുഡിഎഫ് സ്വീകരിക്കുമെന്നും പാണക്കാട് തങ്ങള്‍ പറഞ്ഞു.
പാണക്കാട് തറവാട് എല്ലാവരുടേയും അത്താണിയാണെന്ന് പി വി അന്‍വര്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും മനുഷ്യര്‍ പ്രയാസമനുഭവിക്കുമ്പോള്‍, ഒരു ജനതയുടെ സഹായത്തിനായി, കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ തളരുന്നവരെ സംരക്ഷിക്കുന്നവരാണ്. മലയോര ജനതയുടെ ഇന്നത്തെ അവസ്ഥയ്ക്ക് പാണക്കാട് തങ്ങളുടെ നേതൃത്വത്തിലുള്ള മുഴുവന്‍ ആളുകളുടേയും ധാര്‍മ്മിക പിന്തുണ ആവശ്യപ്പെടാനാണ് പാണക്കാട് തറവാട്ടിലെത്തി സാദിഖലി തങ്ങളെ കണ്ടതെന്ന് പി വി അന്‍വര്‍ പറഞ്ഞു. എല്ലാ ധാര്‍മ്മിക പിന്തുണയും സഹായവും പാണക്കാട് തങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഡിഎഫുമായി ബന്ധപ്പെട്ട ഒരു വിഷയവും ചര്‍ച്ച ചെയ്തില്ലെന്നും അന്‍വര്‍ പറഞ്ഞു.
യുഡിഎഫ് പ്രവേശനം സംബന്ധിച്ച് യുഡിഎഫ് നേതാക്കളാണ് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടത്. യുഡിഎഫുമായി സഹകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. നിയമസഭ സമ്മേളനം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നിലനില്‍ക്കുന്ന പ്രശ്നത്തെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ സി വേണുഗോപാല്‍ അടക്കം കോണ്‍ഗ്രസിലെ എല്ലാ പ്രമുഖ നേതാക്കളെയും കാണും. വന നിയമവുമായി ബന്ധപ്പെട്ട് സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തും. ജനകീയ പ്രശ്നമായതുകൊണ്ട് രാഷ്ട്രീയ, സമുദായ നേതാക്കളുടെയെല്ലാം പിന്തുണയുണ്ടെങ്കില്‍ മാത്രമേ തടയാന്‍ കഴിയൂ. അല്ലെങ്കില്‍ സഭയില്‍ ഇത് പാസ്സാകുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
പിവി അന്‍വറിനോടുള്ള രാഷ്ട്രീയനിലപാടില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ അയവു വരുത്തി. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ പ്രസക്തിയില്ല. ഉചിതമായ സമയത്ത് വ്യക്തമായ തീരുമാനം ഉണ്ടാകും. എന്തുവേണമെന്ന് യുഡിഎഫ് നേതൃത്വം കൂടിയാലോചിച്ച് തീരുമാനിക്കും. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരോപണ പ്രത്യാരോപണങ്ങള്‍ സ്വാഭാവികമാണ്. തനിക്കെതിരായി പി വി അന്‍വറിനെക്കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയനാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ആരോപണം ഉന്നയിപ്പിച്ചയാള്‍ക്കെതിരെ പിന്നീട് അന്‍വര്‍ രംഗത്തു വന്നു. അതാണ് കാലത്തിന്റെ കാവ്യനീതിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.