IndiaNEWS

വിസി പദവിയിലേക്ക് ഇനി വ്യവസായ പ്രമുഖരും; ഗവര്‍ണര്‍മാര്‍ക്ക് പൂര്‍ണ അധികാരം നല്‍കി യുജിസിയുടെ കരട് ചട്ടം

ന്യൂഡല്‍ഹി: വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലര്‍മാര്‍ക്ക് പൂര്‍ണ അധികാരം നല്‍കുന്ന പുതിയ പരിഷ്‌കാരവുമായി യുജിസി. 2018ലെ യുജിസി നിയമഭേദഗതി അനുസരിച്ച് 10 വര്‍ഷം പ്രൊഫസറായി സേവനം ചെയ്തവരും ഗവേഷണരംഗത്ത് ഗൈഡായി പ്രവര്‍ത്തിച്ചവര്‍ക്കും മാത്രമേ വിസിമാരാവാന്‍ പറ്റുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ പരിഷ്‌കാരം അനുസരിച്ച് വ്യവസായ പ്രമുഖര്‍ക്കും പൊതുഭരണരംഗത്ത് കഴിവ് തെളിയിച്ചവര്‍ക്കും വിസിമാരാവാം. ഉന്നത വിദ്യാഭ്യാസരംഗത്ത് അധ്യാപകരും അക്കാദമിക് സ്റ്റാഫും ആവാനുള്ള മിനിമം യോഗ്യത പരിഷ്‌കരിക്കുന്ന കരട് ചട്ടം കഴിഞ്ഞ ദിവസമാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പുറത്തിറക്കിയത്.

പുതിയ ഭേദഗതി പ്രകാരം 55 ശതമാനം മാര്‍ക്കോടെ എംഇ, എംടെക് ബിരുദം നേടിയവര്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരാവം. യുജിസി നെറ്റ് പരീക്ഷ പാസാവേണ്ട ആവശ്യമില്ല. നിലവില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരാവാന്‍ നെറ്റ് നിര്‍ബന്ധമാണ്. കരട് ചട്ടങ്ങള്‍ക്ക് യുജിസി ഡിസംബറില്‍ തന്നെ അംഗീകാരം നല്‍കിയിരുന്നു.

Signature-ad

ഈ പരിഷ്‌കാരങ്ങള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും നവീകരണവും ഉള്‍ക്കൊള്ളലും ചലനാത്മകതയും കൊണ്ടുവരും. അധ്യാപകരെയും അക്കാദമിക് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ശാക്തീകരിക്കുകയും അക്കാദമിക് നിലവാരം ശക്തിപ്പെടുത്തുകയും വിദ്യാഭ്യാസ മികവ് കൈവരിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. കേന്ദ്ര, സംസ്ഥാന, സ്വകാര്യ, കല്‍പ്പിത സര്‍വകലാശാലകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ബാധകമാണ്. എല്ലാ സര്‍വകലാശാലകളും കോളജുകളും ആറുമാസത്തിനുള്ളില്‍ പരിഷ്‌കാരം നടപ്പാക്കണം.

ഗവര്‍ണര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ പരിഷ്‌കാരം. വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനെ ചാന്‍സലര്‍ നിര്‍ദേശിക്കും. രണ്ടാമത്തെ അംഗത്തെ യുജിസി ചെയര്‍മാന്‍ നാമനിര്‍ദേശം ചെയ്യും. സിന്‍ഡിക്കേറ്റ്, സെനറ്റ്, എക്സിക്യൂട്ടീവ് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് തുടങ്ങിയ സമിതികള്‍ക്ക് മൂന്നാമത്തെ അംഗത്തെ നിര്‍ദേശിക്കാം. വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമായ പശ്ചാത്തലത്തില്‍ കൂടിയാണ് പരിഷ്‌കാരം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: