NEWSWorld

വത്തിക്കാന്‍ ചുമതലയില്‍ ആദ്യമായി വനിത; സിസ്റ്റര്‍ സിമോണ ബ്രാംബില്ല ചരിത്രം സൃഷ്ടിക്കുമ്പോള്‍

റോം: കത്തോലിക്കാ സഭയുടെ മതപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന കാര്യാലയത്തിന്റെ മേധാവിയായി വനിതയെ നിയമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റാലിയന്‍ കന്യാസ്ത്രീയായ സിമോണ ബ്രാംബില്ലയാണ് ഈ തസ്തികയില്‍ നിയമിതയായത്.

സഭാ ഭരണത്തില്‍ വനിതകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതിനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള ചുവടുവെപ്പായാണ് ഇതിനെ വിലയിരുത്തുന്നത്. വിവിധ കാര്യാലയങ്ങളുടെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മാത്രമാണ് ഇതുവരെ വനിതകള്‍ എത്തിയിരുന്നത്. എന്നാല്‍, അധ്യക്ഷസ്ഥാനമായ പ്രിഫെക്ട് ആയി നിയമിക്കപ്പെടുന്നത് ആദ്യമാണ്.

Signature-ad

എല്ലാ സന്ന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള കൂരിയയുടെ നേതൃസ്ഥാനമാണ് (പ്രിഫെക്ട്) സിസ്റ്റര്‍ ബ്രാംബില്ലക്ക്. ദൈവ ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സിസ്റ്റര്‍ ബ്രാംബില്ലയെ സഹായിക്കാന്‍ കര്‍ദിനാള്‍ ഏഞ്ചല്‍ ഫെര്‍ണാണ്ടസ് ആര്‍ട്ടിമെയെയും നിയമിച്ചു. ദിവ്യബലി ഉള്‍പ്പെടെ ചില കൂദാശാകര്‍മങ്ങള്‍ പ്രിഫെക്ട് ചെയ്യേണ്ടതുണ്ട്. നിലവില്‍ ഇതിന് പുരോഹിതന്‍മാര്‍ക്ക് മാത്രമേ അധികാരമുള്ളൂ. അതുകൊണ്ട് കൂടിയാണ് കര്‍ദിനാള്‍ ആര്‍ട്ടിമെയുടെ നിയമനം.

ചര്‍ച്ച് ഭരണവുമായി ബന്ധപ്പെട്ട ഉന്നത സ്ഥാനങ്ങളില്‍ സ്ത്രീകളെ നിയമിക്കുക എന്ന പോപ് ഫ്രാന്‍സിസിന്റെ നയത്തിന്റെ ഭാഗമായാണ് സിസ്റ്റര്‍ ബ്രാംബില്ലയുടെ നിയമനം. ചില വത്തിക്കാന്‍ ഓഫീസുകളില്‍ സ്ത്രീകളെ സഹമേധാവിയായി നിയമിച്ചിരുന്നെങ്കിലും കത്തോലിക്കാ സഭയുടെ കേന്ദ്രഭരണ സ്ഥാപനമായ ഹോളി സീ കൂരിയയുടെ ഒരു ഡികാസ്റ്ററിയുടെയോ സഭയുടെയോ പ്രീഫെക്ടായി ഒരു സ്ത്രീയെ നിയമിക്കുന്നത് ആദ്യമാണ്.

2011 മുതല്‍ 2023 വരെ കണ്‍സോലറ്റ മിഷനറി സിസ്റ്റേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തിരുന്നു സിസ്റ്റര്‍ ബ്രാംബില്ല അതിന് മുമ്പ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. മൊസാംബിക്കില്‍ മിഷനറി പ്രവര്‍ത്തനം നടത്തിയ പരിചയവും ബ്രാംബില്ലക്കുണ്ട്. 2019 ജൂലൈ എട്ടിന് മാര്‍പാപ്പ ആദ്യമായി ഏഴ് സ്ത്രീകളെ ഡിക്കാസ്റ്ററി ഫോര്‍ കോെേണ്‍സ്രകറ്റഡ് ലൈഫ് ആന്‍ഡ് സൊസൈറ്റീസ് ഓഫ് അപ്പോസ്‌തോലിക് ലൈഫിന്റെ അംഗങ്ങളായി നിയമിച്ചു.

പിന്നീട് സിസ്റ്റര്‍ ബ്രാംബില്ലയെ ആദ്യം ഡികാസ്റ്ററി സെക്രട്ടറിയായും ഇപ്പോള്‍ പ്രിഫെക്റ്റായും തിരഞ്ഞെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണം മുതല്‍ വത്തിക്കാനില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. 2013 മുതല്‍ 2023 വരെയുള്ള ഹോളി സീയെയും വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിനെയും ഉള്‍ക്കൊള്ളുന്ന മൊത്തത്തിലുള്ള ഡാറ്റ അനുസരിച്ച്, സ്ത്രീകളുടെ പ്രാതിനിധ്യം 19.2 ശതമാനത്തില്‍ നിന്ന് 23.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: