മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ പോരാടാന്‍ യുഡിഎഫിനൊപ്പം ചേരുമെന്നു പ്രഖ്യാപിച്ച് പി.വി.അന്‍വര്‍ എംഎല്‍എ. പലരും ഭയപ്പെട്ടാണു സിപിഎമ്മിലും എല്‍ഡിഎഫിലും തുടരുന്നതെന്നു പറഞ്ഞ അന്‍വര്‍, യുഡിഎഫ് നേതൃത്വമാണു തന്റെ ഔദ്യോഗിക പ്രവേശനത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്നു പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചര്‍ച്ച നടത്തും. മറ്റു യുഡിഎഫ് നേതാക്കളെയും കാണാന്‍ ശ്രമിക്കും. രാഷ്ട്രീയത്തില്‍ അഭിപ്രായങ്ങളും നിലപാടുകളും ഇരുമ്പുലയ്ക്ക പോലെ നില്‍ക്കില്ലെന്നും സാമൂഹ്യതിന്മയ്‌ക്കെതിരെ പോരാടുക എന്നതാണ് ഉത്തരവാദിത്തമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടുള്ള മറുപടി.
അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തില്‍നിന്ന്:
”യുഡിഎഫ് അധികാരത്തില്‍ വരണം. ജനങ്ങളെ ബാധിക്കുന്ന വനനിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഏറ്റെടുക്കണം. ഞാന്‍ യുഡിഎഫിനു പിന്നിലുണ്ടാകും. എംഎല്‍എ സ്ഥാനവും മറ്റു പദവികളും തരേണ്ട. പലരും ഭയപ്പെട്ടാണു സിപിഎമ്മിലും എല്‍ഡിഎഫിലും തുടരുന്നത്. അവരെ യുഡിഎഫ് എങ്കിലും എടുക്കേണ്ടതല്ലേ? ഞാന്‍ ഔദ്യോഗിക ഭാഗമാകണോ എന്നു യുഡിഎഫ് നേതൃത്വമാണു ചിന്തിക്കേണ്ടത്. ഇതുവരെ എന്റെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് അവരെടുത്തിട്ടില്ല. അതിനാല്‍ സിപിഎം വിടാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും ആശങ്കയാണ്.
എന്നെ മുന്നണിയില്‍ എടുക്കണോയെന്നു യുഡിഎഫാണു തീരുമാനിക്കേണ്ടത്. ആരുടെ കൂടെയാണെങ്കിലും ആത്മാര്‍ഥമായി, ജനങ്ങളോടൊപ്പം, മരിച്ചുനില്‍ക്കും. ഈ വിഷയങ്ങളെല്ലാം ഏറ്റെടുത്തതു ജനങ്ങള്‍ക്കു വേണ്ടിയാണ്. രാഷ്ട്രീയത്തില്‍ അഭിപ്രായങ്ങളും നിലപാടുകളും ഇരുമ്പുലയ്ക്ക പോലെ നില്‍ക്കില്ല. സാഹചര്യത്തിന് അനുസരിച്ചു മാറ്റേണ്ടി വരും. പൊതുസമൂഹം ഒന്നടങ്കം പ്രതിസന്ധിയെ നേരിടുമ്പോള്‍ ‘ഞാന്‍ പണ്ട് അതു പറഞ്ഞല്ലോ’ എന്ന വടിയും പിടിച്ചല്ല നില്‍ക്കേണ്ടത്. സാമൂഹ്യതിന്മയ്‌ക്കെതിരെ പോരാടുക എന്നതാണു പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്തം യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഞാന്‍ എങ്ങോട്ടാണു പോകുന്നതെന്നു നോക്കി ഒട്ടേറപ്പേര്‍ കാത്തുനില്‍ക്കുന്നുണ്ട്. ഞാന്‍ പോകുന്ന തോണിയില്‍ ആളുകള്‍ കയറണമെങ്കില്‍, യുഡിഎഫ് നേതൃത്വം സംരക്ഷണകവചം ഒരുക്കണം.
ആര്‍എസ്എസുമായി ബന്ധപ്പെട്ടു ശക്തമായ അധികാരകേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ പ്രബലമായ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രബലരായ നേതാക്കള്‍ തമ്മില്‍ അടുത്ത ബന്ധമാണ്. പിണറായി- ബിജെപി-ആര്‍എസ്എസ് അച്ചുതണ്ടാണ് അതിനെ നിയന്ത്രിക്കുന്നത്. സിപിഎം ഇനി കേരളത്തില്‍ അധികാരത്തില്‍ വരാതിരിക്കാനുള്ള രാഷ്ട്രീയ ദൗത്യമാണു മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് എല്‍പ്പിച്ചിരിക്കുന്നത്. എനിക്കുശേഷം പ്രളയം എന്നതാണു മുഖ്യമന്ത്രി പിണറായിയുടെ ചിന്ത. പിണറായിയുടെ കയ്യും കാലും നാവുമെല്ലാം ബന്ധിതമാണ്. ഈ ചരടുകളെയെല്ലാം അറ്റം ആര്‍എസ്എസിന്റെ കൈകളിലാണ്. അവരുടെ തീരുമാനപ്രകാരമല്ലാതെ ഒരിഞ്ചു മുന്നോട്ടുപോകാന്‍ പിണറായിക്കു സാധിക്കില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിന് അവസാനം കുറിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രിയാണു പിണറായി. ബംഗാളില്‍ സംഭവിച്ചതുതന്നെ കേരളത്തിലും സംഭവിക്കും.
കേരളത്തില്‍ തൊഴിലാളി നേതാക്കളുണ്ടോ? എവിടെപ്പോയി സിഐടിയു? നോക്കുകൂലി വാര്‍ത്തയില്‍ മാത്രമാണ് ഇവരെപ്പറ്റി കേള്‍ക്കുന്നത്. തൊഴിലാളി സംഘടനകള്‍ സമരം നടത്തുന്നുണ്ടോ? ആദിവാസി സംഘടനകള്‍ സമരം നടത്തുന്നുണ്ടോ? എല്ലാ നേതാക്കളെയും ആര്‍എസ്എസിന്റെ ചരടില്‍ കെട്ടിയിരിക്കുകയാണ്. ആര്‍ക്കും മിണ്ടാന്‍ അധികാരമില്ല. അതാണു പിണറായിസം. ആ പിണറായിസം സിപിഎമ്മിന്റെ അടിവേര് തകര്‍ക്കും.
മനുഷ്യരെ കുടിയൊഴിപ്പിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. വനനിയമ ഭേദഗതി പാസായാല്‍ വനം ഉദ്യോഗസ്ഥര്‍ ഗുണ്ടകളായി മാറും. വനനിയമ ഭേദഗതിയുടെ ഭീകരത അറിയാനിരിക്കുന്നതേയുള്ളൂ. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വനമേഖലയുടെ വനംവിസ്തൃതി കൂട്ടാന്‍ ശ്രമമുണ്ട്. പുഴയുടെ അവകാശവും വനംവകുപ്പിന്റെ കീഴിലാക്കാനാണു നീക്കം. വനംമന്ത്രി എന്തു സംഭാവനയാണു കേരളത്തിന് നല്‍കിയിരിക്കുന്നത്? ആനയും പന്നിയും പെറ്റുപെരുകിയതുകൊണ്ട് ആവാസ വ്യവസ്ഥയ്ക്ക് എന്തുഗുണം? കാര്‍ബണ്‍ പുറന്തള്ളുന്നതു കുറവുള്ള രാജ്യങ്ങളിലേക്കു കോടിക്കണക്കിനു രൂപയുടെ ഫണ്ട് വരുന്നുണ്ട്. ഈ കാര്‍ബണ്‍ ഫണ്ട് അടിച്ചുമാറ്റാനാണ് ഉദ്യോഗസ്ഥര്‍ വനംവിസ്തൃതി വര്‍ധിപ്പിക്കുന്നത്. എന്തുപറഞ്ഞാലും ആവാസവ്യവസ്ഥയെക്കുറിച്ചു പറയുന്നവര്‍ ഇതിന് ഉത്തരം പറയണം. ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം യുഡിഎഫ് ഏറ്റെടുക്കണം.”