CrimeNEWS

ദുരൂഹം: ചോറ്റാനിക്കരയിൽ 20 വർഷമായി പൂട്ടിക്കിടന്ന വീട്ടിലെ ഫ്രിഡ്‌ജിൽ മനുഷ്യന്റെ അസ്ഥികൂടം

    എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ 20 വർഷത്തിൽ ഏറെയായി ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ചോറ്റാനിക്കര എരുവേലി പാലസ് സ്ക്വയറിന് സമീപമുള്ള മംഗലശ്ശേരി വീടെന്നറിയപ്പെടുന്ന ഈ വസ്തു കൊച്ചിയിൽ ക്ലിനിക്ക് നടത്തുന്ന ഡോ. ഫിലിപ്പ് ജോണിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇദ്ദേഹം വർഷങ്ങളായി ഇവിടെ താമസമില്ല.

പുതുവത്സരത്തോടനുബന്ധിച്ച് സാമൂഹ്യവിരുദ്ധർ ഈ വീട്ടിൽ മദ്യപാനം നടത്തിയതായി നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് ചോറ്റാനിക്കര പൊലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിനുള്ളിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. കൈവിരലുകൾ, കാൽവിരലുകൾ, തലയോട്ടി എന്നിവ പ്രത്യേക കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു.

Signature-ad

അസ്ഥികൂടം ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എത്ര വർഷം പഴക്കമുണ്ടെന്നും അറിയില്ല.
വർഷങ്ങളായി ആൾത്താമസമില്ലാത്ത ഈ വീട് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരുന്നു. ഇത് സംബന്ധിച്ച് നാട്ടുകാർ പലതവണ പൊലീസിൽ പരാതി നൽകിയിരുന്നു. പഞ്ചായത്ത് മെമ്പറുടെ കൂടി ആവശ്യപ്രകാരമാണ് പൊലീസ് ഈ വീട്ടിൽ പരിശോധന നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്.

പുത്തൻകുരിശ് ഡിവൈഎസ്പി വി ടി ഷാജൻ, ചോറ്റാനിക്കര സിഐ കെ.എൻ മനോജ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു. അസ്ഥികൂടത്തിന് എത്ര പഴക്കമുണ്ടെന്നും ഇത് ആരുടേതാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: