കൊച്ചി: കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലൂടെ കടത്തിക്കൊണ്ടുവന്നത് 1663.78 കിലോഗ്രാം കള്ളക്കടത്തുസ്വര്‍ണം. കസ്റ്റംസ് പിടികൂടിയ കള്ളക്കടത്തുസ്വര്‍ണത്തിന്റെ കണക്കാണിത്. സ്വര്‍ണക്കള്ളക്കടത്തില്‍ മുന്നില്‍ കോഴിക്കോട് വിമാനത്താവളമാണ്. 2020 മുതലുള്ള കണക്കുപ്രകാരം 1042.67 കിലോഗ്രാം സ്വര്‍ണമാണ് ഇതുവഴി കടത്തിക്കൊണ്ടുവന്നത്. ഇക്കാലയളവില്‍ കൊച്ചി വിമാനത്താവളംവഴി കൊണ്ടുവന്നത് 621.11 കിലോഗ്രാം കള്ളക്കടത്തുസ്വര്‍ണമാണ്.
കോഴിക്കോട് വിമാനത്താവളത്തില്‍ 2024 സെപ്റ്റംബര്‍വരെ 130.75 കിലോഗ്രാം സ്വര്‍ണമാണ് കടത്തിക്കൊണ്ടുവന്നത്. ഒക്ടോബര്‍ 31 വരെയുള്ള കണക്കുപ്രകാരം 50.45 കിലോഗ്രാം കള്ളക്കടത്തുസ്വര്‍ണമാണ് കൊച്ചിയില്‍ കസ്റ്റംസ് പിടികൂടിയത്. പിടികൂടിയ സമയത്തെ സ്വര്‍ണത്തിന്റെ മൂല്യമനുസരിച്ച് 863.42 കോടി രൂപയുടെ സ്വര്‍ണമാണ് കടത്തിക്കൊണ്ടുവന്നത്. വിവരാവകാശപ്രവര്‍ത്തകനായ എം.കെ. ഹരിദാസിന് കസ്റ്റംസ് നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.