തിരുവനന്തപുരം: സ്‌കൂള്‍ മേളകള്‍ അലങ്കോലപ്പെടുത്തിയാല്‍ വിലക്കടക്കമുള്ള നടപടികളിലേക്ക് കടക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ സ്‌കൂള്‍ കായികമേള സമാപനവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ 5 അധ്യാപകര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കും. മൂന്നംഗ അന്വേഷണസമിതിയുടെ ശിപാര്‍ശ അംഗീകരിച്ച് നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. നാവാമുകുന്ദ സ്‌കൂളിലെയും മാര്‍ ബേസില്‍ സ്‌കൂളിലെയും അധ്യാപകര്‍ക്കെതിരെയാണ് വകുപ്പുതല നടപടി ഉണ്ടാവുക.
വിദ്യാഭ്യാസ വകുപ്പിന്റെ കലാ,കായികമേളകള്‍ അലങ്കോലപ്പെടുത്തുന്ന സമീപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കര്‍ശന ശിക്ഷയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി ഉത്തരവിറക്കിയത്. മേളകള്‍ അലങ്കോലപ്പെടുത്തുന്ന സ്‌കൂളുകളെ വരും വര്‍ഷങ്ങളില്‍ വിലക്കും. സ്‌കൂള്‍ കായികോത്സവത്തിലും കലോത്സവത്തിലും ഇത് ബാധകമായിരിക്കും. എറണാകുളത്ത് നടന്ന കായികോത്സവ സമാപന ദിനത്തില്‍ ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ചില സ്‌കൂളുകളിലെ അധ്യാപകര്‍ ശ്രമിച്ചെന്ന് വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു.
അന്വേഷണസമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മാതൃകാപരമായ നടപടി 5 അധ്യാപകര്‍ക്കെതിരെ സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. കുട്ടികള്‍ പ്രതിഷേധിക്കുമ്പോള്‍ അവരെ നിയന്ത്രിക്കുന്നതിന് പകരം ഉത്തരവാദിത്വത്തില്‍ നിന്ന് അധ്യാപകര്‍ ഒഴിഞ്ഞു മാറിയാല്‍ കര്‍ശന നടപടി ഉണ്ടാകും. ആക്ഷേപം ഉണ്ടെങ്കില്‍ മാന്വല്‍ പ്രകാരം അറിയിക്കാനുള്ള സൗകര്യം ഉണ്ടെന്ന് ഉത്തരവില്‍ പറയുന്നു. കായികമേളയിലെ സംഘര്‍ഷം അന്വേഷിച്ച സമിതി കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പ് കൂടി കണ്ടാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. എല്ലാ നിര്‍ദേശങ്ങളും പൂര്‍ണമായി പാലിച്ചായിരിക്കും കലോത്സവം നടത്തിപ്പ്.