കൊച്ചി: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കാര്യത്തില്‍ മലയാളി സമൂഹത്തിനും വീഴ്ച്ച സംഭവിച്ചോ? സമാനമായ മറ്റു വിഷയങ്ങളില്‍ അടക്കം മലയാളികള്‍ ഇടപെടുന്ന വിധത്തില്‍ അതിവേഗ ഇടപെടല്‍ നിമിഷപ്രിയയുടെ കാര്യത്തില്‍ ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്. ഇന്ത്യയുമായി നയതന്ത്രബന്ധങ്ങള്‍ കുറവുള്ള രാജ്യമെന്നതാണ് നിമിഷ പ്രിയയുടെ മോചനങ്ങളെ അവതാളത്തിലാക്കിയത്. ഇതിന് പുറമേ മോചന ദ്രവ്യത്തിന് പണം സമാഹരിക്കുന്നതിലും വീഴ്ച്ച വന്നുവെന്നാണ് മോചനത്തിനായി ശ്രമിച്ചവര്‍ പറയുന്നത്.
മോചനത്തിനു രണ്ടാംഘട്ട തുക സമയത്തുതന്നെ സമാഹരിച്ചു നല്‍കിയിരുന്നെങ്കില്‍ ചര്‍ച്ച മുന്നോട്ടുപോകുമായിരുന്നെന്നും നിമിഷ ഇതിനകം മോചിതയാകുമായിരുന്നെന്നും മോചനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സാമുവല്‍ ജെറോം വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ തലാല്‍ അഹ്‌മദിയുടെ ഏതാനും അടുത്ത കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്താനായിരുന്നു.
2021 മുതല്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തിച്ചിരുന്നു. ബ്ലഡ്മണി സ്വീകരിച്ചു നിമിഷയോടു ക്ഷമിച്ചതായി കുടുംബം അറിയിച്ചാല്‍ ശിക്ഷ ഒഴിവാകുമായിരുന്നു. തലാലിന്റെ കുടുംബവുമായി അയാള്‍ ഉള്‍പ്പെടുന്ന ഗോത്രസമൂഹത്തിന്റെ പ്രതിനിധികളെ മധ്യസ്ഥരാക്കി ചര്‍ച്ചയാരംഭിക്കാന്‍ 40,000 യുഎസ് ഡോളര്‍ വേണമെന്നു സാമുവല്‍ ജെറോമും യെമനിലെ അഭിഭാഷകരും അറിയിച്ചിരുന്നു.
ആദ്യഘട്ടമായി നല്‍കേണ്ട 20,000 ഡോളറില്‍ 19,871 ഡോളര്‍ കൂട്ടായ ശ്രമത്തിലൂടെ സമാഹരിച്ചു 2024 ജൂലൈയില്‍ കൈമാറി. എന്നാല്‍ രണ്ടാം ഘട്ട തുക സമാഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല. തുകയുടെ വിനിയോഗം സംബന്ധിച്ചു കൃത്യമായ വിവരം വേണമെന്നു കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടതോടെ ശ്രമങ്ങള്‍ നിശ്ചലമായി. ഇടക്കാലം കൊണ്ട് സജീവമായ ഫണ്ട് സമാഹരണങ്ങള്‍ പകുതി വഴിയില്‍ നിലച്ചുവെന്ന് സൂചനകളും ശക്തമാണ്.
വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതോടെ ഏത് നിമിഷവും ശിക്ഷ നടപ്പാക്കപ്പെട്ടേക്കാം. ഇതോടെ നിസ്സഹായവസ്ഥയിലാണ് ബന്ധുക്കളും. 2009ലാണു പാലക്കാട് സ്വദേശിനി നിമിഷപ്രിയ നഴ്സായി യെമനില്‍ ജോലിക്കെത്തിയത്. 2012ല്‍ തൊടുപുഴ സ്വദേശി ടോമി തോമസിനെ വിവാഹം കഴിച്ചു. വൈകാതെ ടോമിയും യെമനിലെത്തി. അവിടെവച്ചു മകള്‍ മിഷേല്‍ ജനിച്ചു. മകളുടെ മാമോദീസാച്ചടങ്ങുകള്‍ക്കായി 2014ല്‍ നിമിഷപ്രിയയും ടോമിയും കേരളത്തിലെത്തി. ഇവരുടെ സുഹൃത്തുകൂടിയായിരുന്ന തലാല്‍ അബ്ദുമഹ്ദിയും നാട്ടിലേക്കുള്ള യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. സ്വദേശിയായ തലാലിനെ സ്പോണ്‍സറാക്കി യെമനില്‍ ക്ലിനിക് ആരംഭിക്കാനുള്ള പദ്ധതികൂടി നിമിഷയ്ക്കും ഭര്‍ത്താവിനുമുണ്ടായിരുന്നു.
നിമിഷയും തലാലും യെമനിലേക്കു മടങ്ങി. പിന്നീടു മടങ്ങാനിരുന്ന ടോമിക്കു യെമനില്‍ യുദ്ധം രൂക്ഷമായതോടെ മടങ്ങാനായില്ല. 2015ല്‍ സനായില്‍ തലാലിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ ക്ലിനിക് ആരംഭിച്ച നിമിഷ ആഭ്യന്തരയുദ്ധ കാലഘട്ടത്തില്‍ കടുത്ത മാനസിക, ശാരീരിക, സാമ്പത്തിക ചൂഷണങ്ങളിലൂടെ കടന്നുപോയെന്നു സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ പറയുന്നു. ക്ലിനിക്കിലെ യെമന്‍ പൗരയായ മറ്റൊരു ജീവനക്കാരിയുമായി ചേര്‍ന്നു തലാലിനെ കൊലപ്പെടുത്തിയെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷപ്രിയ അറസ്റ്റിലായത്. 2020ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു.
കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യന്‍ എംബസി നിയോഗിച്ച അഭിഭാഷകന്‍ അബ്ദുല്ലാ അമീര്‍ ചര്‍ച്ചകളാരംഭിക്കാന്‍ രണ്ടാം ഗഡുവായി 20,000 യുഎസ് ഡോളര്‍ കൂടി (ഏകദേശം 16.60 ലക്ഷം) ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ തുക കൈമാറിയാലേ ചര്‍ച്ചകള്‍ തുടങ്ങൂ എന്ന് അറിയിച്ചതോടെയാണു മോചനശ്രമം നിലച്ചത്. യമനിലെ പരമോന്നത കോടതി, വധശിക്ഷ ശരിവച്ചതോടെ, തന്റെ ജീവന്‍ രക്ഷിക്കാന്‍ എത്രയും വേഗം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മലയാളി നഴ്സ്, നിമിഷപ്രിയ ജയിലില്‍ നിന്ന് രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും സ്വന്തം കൈപ്പടയില്‍ കത്തെഴുതിയിരുന്നു.
‘ഞാന്‍ നിമിഷപ്രിയ, ഈ യെമന്‍ ജയിലില്‍ നിന്നും എന്റെ ജീവന്‍ രക്ഷിക്കാനായി സഹായിക്കുന്ന വിദേശത്തും, സ്വദേശത്തും ഉള്ള ഓരോ ബഹുമാനപ്പെട്ടവര്‍ക്കും, പ്രത്യേകമായി സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു’. 2022 സെപ്റ്റംബറിലെ ആ കത്തിന്റെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ തുടര്‍ന്നുപോരുന്നത്.
ഒരു നിമിഷ നേരത്തെ ചിന്തകൊണ്ട് മാറിമറിഞ്ഞുപോയതാണ് നിമിഷ പ്രിയയുടെ ജീവിതം. എല്ലാ പ്രവാസികളെയും പോലെ കഠിനാദ്ധ്വാനം കൊണ്ട് ജീവിതം പച്ച പിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷയും യെമനിലേക്ക് വിമാനം കയറുന്നത്. കൊടും ക്രൂരത സഹിക്കവയ്യാതെ ചെയ്ത കടുംകൈ വധശിക്ഷയിലേക്ക് കാര്യങ്ങളെത്തിക്കുകയായിരുന്നു. നിരന്തരം കൊടുംക്രൂരത കാട്ടിയ യെമന്‍ പൗരനായ തലാല്‍ അബ്ദു മഹദിയെ 2017 ജൂലൈ 25നാണ് നിമിഷയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം എന്തു ചെയ്യണമെന്നറിയാതെ മാനസികമായി തളര്‍ന്നു. രക്ഷപ്പെടുന്നതിനായി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. കേസില്‍ നിമിഷ പിടിക്കപ്പെട്ടു. വധശിക്ഷയാണ് കേസില്‍ കോടതി നിമിഷയ്ക്ക് വിധിച്ചത്.
ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് നിമിഷ അപ്പീല്‍ കോടതിയെ സമീപിച്ചു. തലാല്‍ അബ്ദു മഹദിയുടെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയ നേരത്തെ കുറ്റസമ്മതത്തില്‍ പറഞ്ഞിരുന്നത്. അതിക്രൂരമായ പീഡനങ്ങള്‍ക്കിരയായെന്നും നിമിഷ പ്രിയ കോടതിയെ ധരിപ്പിച്ചിരുന്നു.
സനയില്‍ ഒരു ക്ലിനിക്കില്‍ നഴ്സായിട്ടാണ് നിമിഷ പ്രവാസ ജീവിതം ആരംഭിക്കുന്നത്. ഭര്‍ത്താവ് യെമനില്‍ വെല്‍ഡറായി ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ ഇരുവരുടെയും കുറഞ്ഞ സാലറിയും ഒന്നര വയസ്സുള്ള മകളുടെ ഭാവിയുമൊക്കെ നോക്കി 2014 ഏപ്രിലില്‍ നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് മകളെയും കൂട്ടി നാട്ടിലേക്ക് തിരികെ വന്നു. 2014ലാണ് നിമിഷ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുമായി പരിചയപ്പെടുന്നതും.നിമിഷയും ഭര്‍ത്താവും യെമനില്‍ ഒരു ക്ലിനിക് തുടങ്ങാന്‍ ആലോചനയിടുന്നു. പക്ഷേ യമനില്‍ ക്ലിനിക്കിന് ലൈസന്‍സ് ലഭിക്കാന്‍ ഒരു യെമന്‍ പൗരന്റെ സഹായം ആവശ്യമായതോടെ പരിചയക്കാരനും യെമാന്‍ പൗരനുമായ തലാലിനെ നിമിഷ നിര്‍ദേശിക്കുന്നു.
പക്ഷേ നിമിഷ ലൈസന്‍സിനായി തലാലിന്റെ സഹായം തേടിയിട്ടില്ലെന്നാണ് ഭര്‍ത്താവ് ടോമി പറയുന്നത്. നിമിഷ സ്വന്തമായി ക്ലിനിക്ക് തുടങ്ങുന്നതില്‍ ആദ്യം ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമസ്ഥന് അസ്വസ്ഥത ഉണ്ടായിരുന്നതായും ആദ്യമൊക്കെ പ്രശ്നമുണ്ടാക്കിയിരുന്നതായും ടോമി പറഞ്ഞു. എന്നാല്‍ പിന്നീട് അദ്ദേഹം ക്ലിനിക്കിനായി പണം നിക്ഷേപിക്കാന്‍ സഹായിച്ചിരുന്നെന്നും നിമിഷ തലാലിനോട് സഹായം വേണ്ടെന്ന് പറയുകയും ചെയ്തിരുന്നു.
അങ്ങനെ നിമിഷ 2015ല്‍ ക്ലിനിക്ക് ആരംഭിക്കുന്നു. എന്നാല്‍ യെമനില്‍ ആഭ്യന്തര യുദ്ധ പ്രഖ്യാപനം ഉണ്ടായ സാഹചര്യത്തില്‍ പുതിയ വിസക്ക് അനുമതി ഇല്ലാതായതോടെ നിമിഷയുടെ ഭര്‍ത്താവിനും കുട്ടിക്കും തിരിച്ചുവരാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് തലാലിന്റെ ഉപദ്രവം ആരംഭിക്കുന്നത്. ക്ലിനിക്ക് നന്നായി മുന്നോട്ട് പോവുകയും സാമ്പത്തികപരമായി വളരാനും തുടങ്ങി. ക്ലിനിക്കിലേക്കാവശ്യമായ പല വസ്തുക്കള്‍ വാങ്ങിക്കാനും മറ്റ് കാര്യങ്ങള്‍ക്കുമൊക്കെ തലാല്‍ നിമിഷയെ സഹായിച്ചിരുന്നു. ക്ലിനിക്കിലേക്കുള്ള വരുമാനം കൂടിയതോടെ തലാല്‍ തനിക്കും പണത്തിന്റെ പകുതി വേണമെന്ന് ആവശ്യപ്പെട്ടു. ക്ലിനിക്കുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും തലാല്‍ ഇടപെടാന്‍ തുടങ്ങിയെന്നും ക്ലിനിക്കിനായി വാങ്ങിയ വാഹനം പോലും തലാല്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തെന്നും നിമിഷ പറയുന്നു.
പിന്നീട് നിമിഷ പോലും അറിയാതെ അയാള്‍ ക്ലിനിക്കിന്റെ ഷെയര്‍ ഹോള്‍ഡറായി തന്റെ പേര് കൂടി ഉള്‍പ്പെടുത്തി മാസ വരുമാനത്തിന്റെ പകുതി പണം കൈക്കലാക്കാന്‍ ശ്രമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ലിനിക്കിലെ മാനേജരെ ചോദ്യം ചെയ്തപ്പോഴാണ് നിമിഷ തന്റെ ഭാര്യ ആണെന്നാണ് തലാല്‍ പറഞ്ഞിരിക്കുന്നതെന്നും അതിനാലാണ് ഷെയര്‍ നല്‍കിയതെന്നും അറിയുന്നത്. എന്നാല്‍ തലാലിനോട് ഇത് ചോദിച്ചപ്പോള്‍ താന്‍ ഒറ്റയ്ക്കാണ് ഇത് നടത്തുന്നതെന്നറിഞ്ഞ് നാട്ടുകാര്‍ ശല്യം ചെയ്യാതിരിക്കാനാണ് അങ്ങനെ പറഞ്ഞതെന്ന് വിശ്വസിപ്പിച്ചു.
ഇതുമായി ബന്ധപ്പെട്ട നിമിഷ സനയിലെ പൊലീസ് സ്റ്റേഷനെ സമീപിച്ചിരുന്നെന്നും എന്നാല്‍ ഈ പരാതി ഉന്നയിച്ചതിന് യെമന്‍ നിയമപ്രകാരം തലാലിനൊപ്പം തന്നെ അറസ്റ്റ് ചെയ്യുകയാണ് ചെയ്തതെന്ന നിമിഷ പറയുന്നു. പിന്നീട് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ തലാല്‍ അത് കോടതിയില്‍ സമര്‍പ്പിക്കുകയും ഞങ്ങളെ വിട്ടയക്കുകയും ചെയ്യുകയായിരുന്നെന്നും നിമിഷ പറഞ്ഞു.
‘2015ല്‍ തലാല്‍ എന്നോടൊപ്പം കാഴ്ചകള്‍ കാണാന്‍ കേരളത്തില്‍ എത്തിയിരുന്നു. ഒരു ക്ലിനിക്ക് തുടങ്ങാന്‍ ഞങ്ങള്‍ അദ്ദേഹത്തോട് സഹായം ചോദിച്ചതിന് ശേഷം അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ട ഒരു ഉപകാരമായിരുന്നു ഇത്. തൊടുപുഴയിലുള്ള എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ പോലും വന്നിരുന്നു. അദ്ദേഹം എന്റെ വിവാഹ ആല്‍ബത്തില്‍ നിന്ന് ഫോട്ടോ എടുത്ത് ഇത് തന്റെ മുഖം ഉപയോഗിച്ച് മോര്‍ഫ് ചെയ്യുകയും ഞങ്ങള്‍ വിവാഹിതരാണെന്ന് പറഞ്ഞ് വീട്ടുകാരെ കാണിക്കുകയും ചെയ്തു’ നിമിഷ പറഞ്ഞു
തന്റെ ഭര്‍ത്താവാണെന്ന് പറഞ്ഞത് ചോദ്യം ചെയ്തത് മുതലാണ് തലാലുമായുള്ള പ്രശ്നങ്ങള്‍ തുടങ്ങുന്നതും. അയാള്‍ അവളെ ശാരീരികമായി ആക്രമിക്കാന്‍ തുടങ്ങി. ആശുപത്രി ജീവനക്കാരുടെ മുന്നില്‍വച്ച് പോലും മര്‍ദ്ദിക്കുകയും തുപ്പുകയും ചെയ്യാറുണ്ടായിരുന്നെന്നും നിമിഷ പറയുന്നു. നിമിഷയുടെ പാസ്പോര്‍ട്ടും കൈക്കലാക്കിയ തലാല്‍ അവളെ അവനോടൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിക്കുകയും ശാരീരികമായി ആക്രമിക്കുകയും അവനെ അനുസരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നും സുഹൃത്തുക്കള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നും നിമിഷ പറയുന്നുണ്ട്.
പലപ്പോഴും ഓടിപ്പോവാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സഹായിക്കാനോ പിന്തുണയ്ക്കാനോ ആരുമുണ്ടായിരുന്നില്ല. രാത്രിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങി നടക്കാത്ത യെമന്‍ പോലൊരു സ്ഥലത്ത് ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ റോഡിലൂടെ പലതവണ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പക്ഷേ ആക്രമണത്തെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലൊക്കെ തനിക്ക് ഒന്നിലധികം തവണ തലാല്‍ ജയിലില്‍ പോകേണ്ടി വന്നിട്ടുണ്ടെന്നുമാണ് നിമിഷ പറയുന്നത്.