ന്യൂയോര്‍ക്ക്: എഴുത്തുകാരി ഇ. ജീന്‍ കാരള്‍ സമര്‍പ്പിച്ച ലൈംഗികാതിക്രമകേസില്‍ നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 42 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതിവിധി ശരിവെച്ച് അപ്പീല്‍ കോടതി. ലൈംഗികാതിക്രമത്തിന് 17 കോടി രൂപയും മാനനഷ്ടത്തിന് 25 കോടി രൂപയും ട്രംപ് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
മാന്‍ഹാട്ടന്‍ യു.എസ് സര്‍ക്യൂട്ട് കോടതിയിലെ മൂന്ന് ജഡ്ജിമാരടങ്ങിയ പാനലാണ് വിധി പ്രസ്താവിച്ചത്. നേരത്തെ പ്രസ്താവിച്ച വിധിയില്‍ ജില്ലാ കോടതിക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കാന്‍ ട്രംപിനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വിധിക്കെതിരേയും അപ്പീല്‍ നല്‍കുമെന്ന് ട്രംപിന്റെ വക്താവ് അറിയിച്ചു.
എല്‍ മാസിക പംക്തിയെഴുത്തുകാരിയായിരുന്ന കാരള്‍, ട്രംപിനെതിരേ 2019-ലാണ് ആരോപണവുമായി രംഗത്തെത്തിയത്. 1996-ല്‍ മാന്‍ഹാട്ടനിലെ ആഡംബരവസ്ത്രശാലയില്‍ വസ്ത്രംമാറുന്ന മുറിയില്‍വെച്ച് ട്രംപ് ബലാത്സംഗം ചെയ്തെന്നായിരുന്നു ഇപ്പോള്‍ 80 വയസ്സുള്ള കാരളിന്റെ ആരോപണം. ട്രംപിനെ പേടിച്ചാണ് ഇരുപതിലേറെ വര്‍ഷം ഇക്കാര്യം പറയാതിരുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.
ലൈംഗികാതിക്രമകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് വഴി കാരളിനും ജഡ്ജിക്കുമെതിരെ ട്രംപ് അധിക്ഷേപപരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.