കോട്ടയം: ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ സ്വകാര്യ ബസിനെ ഇടതുവശത്തുകൂടി മറികടന്ന് കെഎസ്ആര്‍ടിസി ബസ്; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദേശീയപാത 183 ല്‍ വാഴൂര്‍ 18 ാം മൈലില്‍ ഇന്നലെ വൈകിട്ട് 6.30നായിരുന്നു സംഭവം.
മുന്‍പില്‍ പോയ സ്വകാര്യ ബസ് സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുമ്പോള്‍ അമിത വേഗത്തിലെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടതുവശം വഴി സ്വകാര്യ ബസിനെ മറികടന്നു. സ്വകാര്യ ബസില്‍ നിന്നു ഇറങ്ങിയ വീട്ടമ്മ പേടിച്ചു രണ്ട് ബസിനൊപ്പം ചേര്‍ന്നു നിന്നതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രണ്ട ബസുകളും മത്സരിച്ചാണ് വന്നതെന്നു ബസിലെ യാത്രക്കാര്‍ പറയുന്നു.
കെഎസ്ആര്‍ടിസി ബസിന്റെ നിയമലംഘനം സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. സ്വകാര്യ ബസ് പെട്ടന്ന് നിര്‍ത്തിയപ്പോള്‍ പിന്നില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് ഇടതുവശത്തുകൂടി പോയതാണെന്നാണ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ എ.ജി.രാജേഷ് കുമാര്‍ പറയുന്നത്. പൊന്‍കുന്നം ഡിപ്പോയിലെ ബസാണ് സംഭവത്തിലുള്ളത്.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പള്ളിക്കത്തോട് പൊലീസ് കേസെടുത്തു. സംഭവത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം ഇന്ന് പരിശോധന നടത്തും. മോട്ടര്‍ വാഹന വകുപ്പും അന്വേഷണം നടത്തും. ബസ് അശ്രദ്ധമായി റോഡില്‍ നിര്‍ത്തിയതിനു സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നു പൊലീസ് പറഞ്ഞു. കെ.കെ റോഡില്‍ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിന് കര്‍ശനമായ പൊലീസ് പരിശോധന നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി എ.ഷാഹുല്‍ ഹമീദ് പറഞ്ഞു.