CrimeNEWS

മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം; യുവാവിനെ മര്‍ദിച്ച് കൊന്ന് ഭാരതപ്പുഴയില്‍ തള്ളി

തൃശൂര്‍: മയക്കുമരുന്നുസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ മര്‍ദിച്ച് കൊന്ന് ഭാരതപ്പുഴയില്‍ തള്ളി. നിലമ്പൂര്‍ വഴിക്കടവ് കുന്നുമ്മല്‍ സൈനുല്‍ ആബിദ് (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. വിദഗ്ധ പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്. ആറു പേരെ ചെറുതുരുത്തി പോലീസ് അറസ്റ്റു ചെയ്തു.

ചെറുതുരുത്തി വെട്ടിക്കാട്ടിരി കലാമണ്ഡലത്തിനു സമീപം ലക്ഷംവീട് കോളനിയില്‍ പാളയംകോട്ടക്കാരന്‍ വീട്ടില്‍ ഷജീര്‍ (33), സഹോദരന്‍ റജീബ് (30), ചെറുതുരുത്തി പുതുശ്ശേരി കമ്പനിപ്പടി ചോമയില്‍ വീട്ടില്‍ സുബൈര്‍ (38), ചെറുതുരുത്തി ഗവ. ഹൈസ്‌കൂളിനു സമീപം കല്ലായിക്കുന്നത്ത് വീട്ടില്‍ അഷ്റഫ് (26), ചെറുതുരുത്തി പുതുശ്ശേരി പള്ളിത്താഴത്ത് വീട്ടില്‍ അബ്ദുള്‍ ഷെഹീര്‍ (29), പുതുശ്ശേരി കമ്പനിപ്പടി അന്തിയംകുളം വീട്ടില്‍ മുഹമ്മദ് ഷാഫി (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.

Signature-ad

മയക്കുമരുന്നു കേസുകള്‍ അടക്കം അനേകം കേസുകളില്‍ പ്രതിയാണ് ഇവര്‍. ചിലരെ കാപ്പ നിയമപ്രകാരം നാടു കടത്തിയിട്ടുണ്ട്. ചിലര്‍ ജയിലില്‍നിന്ന് അടുത്തിടെ ഇറങ്ങിയതാണ്.

മൃതദേഹം കണ്ടെത്തിയ ചെറുതുരുത്തി പുതുശ്ശേരി ശ്മശാനത്തിന് തൊട്ടടുത്ത് പുഴയോരത്തെ പ്രദേശം മയക്കുമരുന്നു സംഘങ്ങളുടെ കേന്ദ്രമാണ്. വില കൂടിയ ഒരു ലോക്കറ്റ് സൈനുല്‍ ആബിദ് മോഷ്ടിച്ചു എന്നാരോപിച്ച് സംഘം ഇയാളെ വിളിച്ചു വരുത്തി പുഴയുടെ തീരത്തു കൊണ്ടു പോയി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് മരക്കഷണം, വടി എന്നിവകൊണ്ട് മര്‍ദിച്ചു. വാരിയെല്ലുകള്‍ പൊട്ടി ആന്തരികാവയവങ്ങളില്‍ കുത്തിക്കയറിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബോധരഹിതനായ സൈനുല്‍ ആബിദിനെ വെള്ളത്തില്‍ മുക്കിപ്പിടിച്ചു. മരിച്ചെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഉപേക്ഷിച്ചു പോകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: