ഒന്നും രണ്ടുമല്ല, ശല്യം ചെയ്ത യുവാവിനെ 26 തവണ കരണത്തടിച്ച് യുവതി; കയ്യടിച്ച് സോഷ്യല്‍ മീഡിയ
മുംബൈ: മദ്യപിച്ച് ബസില്‍ ശല്യം ചെയ്ത യുവാവിന്റെ മുഖത്ത് 26 തവണ അടിച്ച യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പുണെയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ബസ് കണ്ടക്ടര്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുന്നതും ദൃശ്യങ്ങളിലുണ്ട്. യുവാവിന്റെ ഭാര്യ യുവതിയോടു മാപ്പ് പറഞ്ഞതോടെ കേസ് ഒത്തുതീര്‍പ്പായി.
സീറ്റില്‍ നിന്നു എഴുന്നേല്‍ക്കുന്നതിനിടെയാണ് യുവതിയോട് ഇയാള്‍ മോശമായി പെരുമാറിയത്. അനുചിതമായി യുവതിയെ തൊടാന്‍ ശ്രമിച്ചതോടെ പ്രകോപിതയായ യുവതി ഇയാളെ പിടിച്ചു നിര്‍ത്തി 26 തവണ മുഖത്തടിക്കുകയായിരുന്നു. യുവാവ് തന്റെ പ്രവൃത്തിയില്‍ മാപ്പ് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. അതിനിടെ ബസ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകണമെന്നു യുവതി ആവശ്യപ്പെട്ടു. ഷിര്‍ദിയിലെ ഒരു സ്കൂളില്‍ ജോലി ചെയ്യുന്ന അധ്യാപികയായ യുവതി ഭര്‍ത്താവിനും മകനുമൊപ്പം ബസില്‍ പുണെയിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് മദ്യപനായ യുവാവില്‍ നിന്നും ദുരനുഭവം ഉണ്ടായത്.