സ്നേഹത്തിന്റെ ശക്തി വിളിച്ചോതും പോസ്റ്റുമായി തൃഷ; വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ ധരിച്ച അതേ നീലസാരിയിലുള്ള ഫോട്ടോകൾക്കൊപ്പം “The love is always louder” എന്ന കുറിപ്പും

തമിഴ്നാട് രാഷ്ട്രീയത്തിലും സിനിമാലോകത്തും ഒരുപോലെ ചർച്ചയായിരിക്കുകയാണ് തൃഷ കൃഷ്ണൻ-വിജയ് ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ വിവാദങ്ങൾ. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നീല പട്ടുസാരിയണിഞ്ഞ് എത്തിയ തൃഷ ചടങ്ങിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. പിന്നീട് അതേ വേഷത്തിലെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് “The love is always louder” എന്ന കുറിപ്പും താരം ചേർത്തതോടെ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചകൾ സജീവമായി.
വിജയ്‌യുടെ ഭാര്യയും മക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ചിലർ തൃഷയുടെ സാന്നിധ്യത്തെ വിമർശിച്ചത്. അതേസമയം, ആരാധകർ ഇത് വെറും സൗഹൃദവും പിന്തുണയുമാണെന്ന് വാദിക്കുന്നു. നടി ലിസി അടക്കമുള്ള നിരവധി താരങ്ങൾ തൃഷയുടെ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തിയെങ്കിലും, കമന്റ് വിഭാഗം കൂടുതലായും വിജയ്–തൃഷ ബന്ധചർച്ചകളിലേക്കാണ് വഴിമാറിയത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം തൃഷ തിരുപ്പതി ക്ഷേത്രം സന്ദർശിച്ചതും നേരത്തെ വൈറലായിരുന്നു. വിജയിനും അദ്ദേഹത്തിന്റെ പാർട്ടിയായ Tamilaga Vettri Kazhagam-ക്കും വേണ്ടി പ്രാർഥിക്കാനാണ് താരം പോയതെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കൂടാതെ, വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ തൃഷ പങ്കുവെച്ച പോസ്റ്റും വിജയ്ക്കുള്ള പിന്തുണയായിരുന്നുവെന്ന് ആരാധകർ പറയുന്നു. ഗില്ലി എന്ന ചിത്രത്തിലെ ഗാനത്തിലുള്ള വിസിൽ ശബ്ദമാണ് പോസ്റ്റിന്റെ പശ്ചാത്തലത്തിൽ തൃഷ ഉപയോഗിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം വിജയ്‍യുടെ വീട്ടിലെത്തിയാണ് നടി സന്തോഷം പങ്കുവച്ചത്.






