CrimeNEWS

അമ്മയുടെ കാന്‍സര്‍ ചികിത്സയ്ക്ക് വച്ചിരുന്ന പണമെടുത്ത് ഓണ്‍ ലൈന്‍ ചൂതാട്ടം; 30,000 പോയിക്കിട്ടി, മകന്‍ ജീവനൊടുക്കി

ചെന്നൈ: തമിഴ്നാട്ടില്‍ അമ്മയുടെ കാന്‍സര്‍ ചികിത്സയ്ക്കായി കരുതിവെച്ചിരുന്ന പണം ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടപ്പെടുത്തിയ യുവാവ് ജീവനൊടുക്കി. ചെന്നൈയിലെ കൊട്ടൂര്‍പുര സ്വദേശി ആകാശ് (26) ആണ് മരിച്ചത്. പണം നഷ്ടപ്പെട്ടത് മനസിലാക്കിയ അമ്മയും സഹോദരനും വഴക്കുപറഞ്ഞതില്‍ മനംനൊന്താണ് ആകാശ് ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക വിവരം. ആകാശ് ഓണ്‍ലൈന്‍ ഗേമിങിന് അടിമപ്പെട്ടയാളായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.

ഭക്ഷണവിതരണ മേഖലയില്‍ ജോലി ചെയ്തിരുന്ന ആകാശ്, അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ അച്ഛന്‍ കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് മരണപ്പെട്ടിരുന്നു. ഇന്നലെ (20.12.2024, വെള്ളിയാഴ്ച) വൈകുന്നേരമാണ് താന്‍ ചികിത്സയ്ക്കായി മാറ്റിവെച്ചിരുന്ന പണം നഷ്ടപ്പെട്ടതായി ആകാശിന്റെ അമ്മ മനസിലാക്കിയത്. 30,000 രൂപയാണ് നഷ്ടപ്പെട്ടത്. ഇതിനെക്കുറിച്ച് അമ്മയും സഹോദരനും ആകാശിനോട് ചോദിച്ചു. ആദ്യമൊക്കെ എതിര്‍ത്തെങ്കിലും പിന്നീട് അയാള്‍ കുറ്റം സമ്മതിച്ചു.

Signature-ad

അമ്മയുടെ കാന്‍സര്‍ ചികിത്സയ്ക്കായി വെച്ചിരുന്ന പണം താനാണ് എടുത്തതെന്നും ഓണ്‍ലൈന്‍ റമ്മി കളിക്കാനാണ് പണം ചിലവാക്കിയതെന്നും ആകാശ് പറഞ്ഞതായി വീട്ടുകാര്‍ പറഞ്ഞു. അമ്മയും സഹോദരനും വഴക്കുപറഞ്ഞതിന് പിന്നാലെ ആകാശ് ഫോണുമെടുത്ത് വീട്ടില്‍നിന്നും ഇറങ്ങിപ്പോയി. രാത്രിയായിട്ടും കാണാതായതോടെ ഇരുവരും ആകാശിന്റെ സുഹൃത്തുക്കളുടെ വീടുകളില്‍ പോയി അന്വേഷിച്ചെങ്കിലും യുവാവിനെക്കുറിച്ചുള്ള വിവരമൊന്നും ലഭിച്ചില്ല.

ശനിയാഴ്ച രാവിലെ ഇവരുടെ വീടിന്റെ ടെറസില്‍ നിന്നാണ് ആകാശിന്റെ മൃതദേഹം കണ്ടെടുത്തത്. കൊട്ടൂര്‍പുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോവിഡ്-19 ലോക്ക്ഡൗണ്‍ സമയത്താണ് ആകാശ് ഓണ്‍ലൈനില്‍ ഗെയിമുകള്‍ കളിച്ചുതുടങ്ങിയതെന്നും പതിയെ അതിന് അടിമപ്പെടുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. തമിഴ്നാട്ടില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 48 പേരാണ് ഓണ്‍ലൈന്‍ ഗേമിങിന് അടിമപ്പെട്ട് ജീവനൊടുക്കിയത്.

 

 

Back to top button
error: