രമേശ് ചെന്നിത്തലയെ പ്രശംസിച്ചും എസ്.എൻ.ഡി.പി വേദിയിൽ ഉദ്ഘാടകനായി ക്ഷണിച്ചും വെള്ളാപ്പള്ളി നടേശൻ പച്ചക്കൊടി കാട്ടിയതോടെ ബി.ഡി.ജെ.എസ് യു.ഡി.എഫിലേക്കു ചേക്കേറാനുള്ള സാദ്ധ്യത തെളിഞ്ഞു. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സംഖ്യത്തിൽ കടുത്ത അതൃപ്തിയിലാണ് മിക്ക ബി.ഡി.ജെ.എസ് നേതാക്കന്മാരും. പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുപോലും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് മുഖ്യ ആരോപണം. മുന്നണിമാറ്റം സംബന്ധിച്ച് ഏതാനും കോൺഗ്രസ് നേതാക്കളുമായി അനൗദ്യോഗിക സംഭാഷണം നടന്നു കഴിഞ്ഞു.
തുഷാർ സ്ഥലത്തില്ലാതെ അടുത്തയിടെ ബി.ഡി.ജെ.എസ്. നേതൃയോഗം ചേർന്നിരുന്നു. അതിലാണ് മുന്നണിമാറ്റം സംബന്ധിച്ച് ശക്തമായ ആവശ്യമുയർന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ, ആറ്റിങ്ങൽ, തൃശ്ശൂർ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി. സ്ഥാനാർഥികൾക്ക് വോട്ടുകൂടാൻ മുഖ്യകാരണം എസ്.എൻ.ഡി.പി. യോഗത്തിന്റെ നിലപാടാണെന്നാണ് ബി.ഡി.ജെ.എസ് പറയുന്നത്. എന്നാൽ, ആ പരിഗണന പാർട്ടിക്കു ബി.ജെ.പി നൽകുന്നില്ല.
എൻ.ഡി.എ എന്നത് സങ്കല്പം മാത്രം. നേതൃയോഗം പോലും നടക്കുന്നില്ല, തദ്ദേശസ്ഥാപനങ്ങളിലെക്കുള്ള തിരഞ്ഞെടുപ്പിന് ഒരുവർഷംപോലും ഇല്ലാതിരിക്കെ പ്രാദേശികതലത്തിൽ മുന്നൊരുക്കമൊന്നും നടക്കുന്നില്ല എന്നീ ആക്ഷേപങ്ങളാണ് ബി.ഡി.ജെ.എസ് ഉന്നയിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈഴവ വോട്ടുകൾക്കു മേൽക്കൈയുള്ള സ്ഥലങ്ങളിൽ ഒറ്റയ്ക്കു മത്സരിക്കാനും ആലോചനയുണ്ട്.
മറ്റു പാർട്ടികളിൽനിന്ന് ബി.ഡി.ജെ.എസിലെത്തുന്നവർ ക്രമേണ ബി.ജെ.പിക്കാരായി മാറുകയാണെന്നും എൻ.ഡി.എ മുന്നണിയിൽ നിൽക്കുന്നതു കൊണ്ടാണ്ടാണ് പാർട്ടിക്കു വളർച്ചയില്ലാത്തതെന്നും ചർച്ച ഉയർന്നു. എന്നാൽ തുഷാർ വെള്ളാപ്പള്ളിക്ക് നരേന്ദ്ര മോദിയും അമിത് ഷായുമായുമുള്ള വ്യക്തിബന്ധം മാത്രമാണ് മുന്നണിമാറ്റത്തിനുള്ള ഏക തടസ്സം.
കേരള കോൺഗ്രസ് മാണിവിഭാഗം യു.ഡി.എഫ് വിട്ടതിനാൽ മധ്യതിരുവിതാംകൂറിൽ ബി.ഡി.ജെ.എസിനെ ഒപ്പം കൂട്ടുന്നത് നല്ലതാണെന്ന് ഒരുവിഭാഗം കോൺഗ്രസ് നേതാക്കളും ചിന്തിക്കുന്നു. രമേശ് ചെന്നിത്തല കോൺഗ്രസിനെ നയിക്കാൻ സാദ്ധ്യത തെളിഞ്ഞു വരുന്നതിൽ ഏറ്റവും സന്തോഷിക്കുകയാണ് ബി.ഡി.ജെ.എസ് നേതാക്കന്മാർ.