പാലക്കാട്: വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ സുഹൃത്തുക്കളുടെ ജീവന്‍ രക്ഷിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി. കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് സിദാനാണ് അവസരോചിതമായ ഇടപെടലിലൂടെ സുഹൃത്തുക്കളുടെ ജീവന്‍ രക്ഷിച്ചത്.
ബുധനാഴ്ച രാവിലെ പരീക്ഷയ്ക്കായി സ്‌കൂളിലേക്കു പോകുന്ന വഴിയാണ് അപകടമുണ്ടായത്. സിദാനൊപ്പം സുഹൃത്തുക്കളായ മുഹമ്മ?ദ് റാജിഹും ഷഹജാസും ഉണ്ടായിരുന്നു. റാജിഹ് തട്ടിക്കളിച്ചിരുന്ന പ്ലാസ്റ്റിക് ബോട്ടില്‍ തൊട്ടടുത്ത പറമ്പിലേക്ക് വീണു. ഇത് എടുക്കാനായി മതിലില്‍ കയറി പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ കാല്‍വഴുതിയപ്പോള്‍ പിടിച്ചതു തൊട്ടടുത്തുള്ള വൈദ്യുതിത്തൂണില്‍. ഫ്യൂസ് കാരിയറിന്റെ ഇടയില്‍ കൈകുടുങ്ങി റാജിഹിന് ഷോക്കടിക്കുകയായിരുന്നു.
താഴേക്കു തൂങ്ങിക്കിടന്നു പിടയുന്നതു കണ്ട് കാലില്‍ പിടിച്ചു വലിക്കാന്‍ ശ്രമിച്ചതോടെ ഷഹജാസിനും ചെറിയതോതില്‍ ഷോക്കേറ്റു. ഇതോടെയാണ് റാജിഹിനു ഷോക്കേറ്റതാണെന്ന് ഇവര്‍ അറിയുന്നത്. ഉടന്‍ തന്നെ മുഹമ്മദ് സിദാന്‍ തൊട്ടടുത്തു കണ്ട ഉണങ്ങിയ കമ്പുകൊണ്ട് റാജിഹിനെ തട്ടിമാറ്റുകയായിരുന്നു. കൈകളിലും മുഖത്തും മറ്റും പൊള്ളലേറ്റ റാജിഹിനെ ഉടന്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു ചികിത്സനല്‍കി.
കല്ലായത്ത് വീകോട്ടോപ്പാടം കൊടുവാളിപ്പുറം ട്ടില്‍ ഉമ്മര്‍ ഫാറൂഖിന്റെയും ഫാത്തിമത്ത് സുഹ്‌റയുടെയും മകനാണു മുഹമ്മദ് സിദാന്‍ (10). വീട്ടില്‍ മുന്‍പ് ഉണ്ടായ അപകടത്തില്‍ നിന്നാണ് ഷോക്കേറ്റാല്‍ ഉണങ്ങിയ വടികൊണ്ട് തട്ടിമാറ്റുന്ന അറിവു ലഭിച്ചതെന്നു സിദാന്‍ പറയുന്നു. കൂട്ടുകാരുടെ ജീവന്‍ രക്ഷിക്കാന്‍ മനഃസാന്നിധ്യത്തോടെ ഇടപെട്ട മുഹമ്മദ് സിദാനെ ഫോണില്‍ വിളിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അഭിമാനിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പിടിഎയും സ്റ്റാഫ് കൗണ്‍സിലും അനുമോദിച്ചു.