ഡിസംബര്‍ 19 ന് ഫ്രഞ്ച് കോടതിയില്‍ നിന്നുള്ള ആ വിധികേട്ട് ലോകമൊന്നാകെ സന്തോഷിക്കുകയായിരുന്നു. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം കേട്ട ഏറ്റവും സംതൃപ്തിനല്‍കിയ വിധി. സ്വന്തം ഭാര്യയെ ലഹരി നല്‍കി മയക്കിക്കിടത്തി ഓണ്‍ലൈനിലിലൂടെ പറഞ്ഞുറപ്പിച്ച പുരുഷന്‍മാരെ കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിപ്പിച്ച ഡൊമനിക്ക് പെലിക്കോയ്ക്കെതിരായുള്ള വിധിയായിരുന്നു അത്. ജിസേല്‍ പെലിക്കോയെന്ന 72 കാരിയുടെ പോരാട്ട വിര്യത്തിന്റെ വിധി. പെരും ക്രൂരതയ്ക്ക് 20 വര്‍ഷം തടവെന്ന് കോടതി വിധി പറയുമ്പോള്‍ അത് കേള്‍ക്കാന്‍ ജിസേലിന്റേയും ഡൊമിനിക്കിന്റേയും മകള്‍ കരോളിന്‍ ഡാരിയനും കോടതി മുറിക്കുള്ളിലുണ്ടായിരുന്നു.
വിധികേട്ടതോടെ കരോളിന്‍ ഡാരിയന്‍ സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കോടതി മുറിക്കുള്ളില്‍ നിയന്ത്രണം വിട്ടു പ്രതികരിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘നിങ്ങള്‍ പട്ടിയെ പോലെ നരകിച്ച് മരിക്കു’മെന്ന് പറഞ്ഞ് കരോളിന്‍ കോടതി മുറിക്കുള്ളില്‍ പൊട്ടിക്കരഞ്ഞു. ‘ജീവിതത്തില്‍ ഒരിക്കലും നിങ്ങളെ കാണാതിരിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ലോകത്ത് ഒരു മകള്‍ക്കും ഇതുപോലെയൊരു വിധി കേള്‍ക്കാനും കാണാനും അവസരമുണ്ടാകരുതേ എന്ന് മാത്രമാണ് ചിന്ത,’ അവര്‍ പറഞ്ഞു. നിയമപോരാട്ടത്തിന് ലോകമൊന്നാകെ അമ്മയ്ക്കൊപ്പം നില്‍ക്കുകയായിരുന്നുവെന്നും കരോളിന്‍ പ്രതികരിച്ചു.
ഡൊമനിക്കിന് പ്രായം 72 ആയെങ്കിലും ശിഷ്ടകാലം ജയിലില്‍ കഴിയാനുള്ള സാഹചര്യമാണ് വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. ബലാത്സംഗക്കേസില്‍ ഫ്രഞ്ച് കോടതി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷയാണ് ഡൊമനിക്കിന് ലഭിച്ചത്.
നിയമപോരാട്ടത്തിന്റെ നാളുകള്‍ കടന്നുപോയത് അതി സങ്കീര്‍ണമായ അവസ്ഥയിലൂടെയായിരുന്നുവെന്ന് ജിസേല്‍ പെലിക്കോയും പ്രതികരിച്ചു. എനിക്ക് മൂന്ന് മക്കളുണ്ട്. അവര്‍ക്ക് പങ്കാളികളുണ്ട് മക്കളുണ്ട്. അവരെക്കുറിച്ചെല്ലാം എനിക്ക് ചിന്തിക്കേണ്ടിവന്നു. കാരണം, പോരാട്ടം അവരുടെ ഭാവിയെ ഒരുതരത്തിലും ബാധിക്കരുതേയെന്നായിരുന്നു പ്രാര്‍ഥന. ഫ്രാന്‍സിനപ്പുറം ലോകമൊന്നാകെ ശ്രദ്ധിച്ചതായിരുന്നു കേസ്. അതുകൊണ്ടുതന്നെ വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചു. പക്ഷെ, അവസാനം തനിക്ക് നീതി ലഭിച്ചുവെന്നും ഇത് തനിക്ക് മാത്രമല്ല ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്നും ജെസി പെലിക്കോ പ്രതികരിച്ചു.
2011 ജൂലൈയ് മുതല്‍ 2020 ഒക്ടോബര്‍വരെയുള്ള കാലങ്ങളില്‍ ജെസി പെലിക്കോയെ മയക്കുമരുന്ന് നല്‍കി ബോധമില്ലാതാക്കി 49 പുരുഷന്‍മാര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ വിട്ടുകൊടുത്തുവെന്നാണ് കേസ്. കേസില്‍ പ്രതിയായ ഡൊമനിക്ക് പെലിക്കോ ആദ്യം ഓണ്‍ലൈന്‍ ചാറ്റ്റൂമുകളില്‍ പുരുഷന്‍മാരെ കണ്ടെത്തും. ചര്‍ച്ച ചെയ്ത് ഉറപ്പിച്ച ശേഷം സ്വന്തം വീട്ടില്‍ വെച്ചുതന്നെ ഭാര്യയെ മയക്കിക്കിടത്തി ആ സമയത്ത് ബലാത്സംഗം ചെയ്യാനെത്താന്‍ ആവശ്യപ്പെടും. ഒപ്പം ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കും. ഇതാണ് പതിവായി നടന്നിരുന്നത്. 2020-ല്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഡൊമനിക്കിനെ പോലീസ് പിടിച്ചതോടെയാണ് ലോകം ഞെട്ടിയ പീഡനവിവരങ്ങള്‍ പുറത്തുവന്നത്.
പീഡനത്തിനിരയായവര്‍ക്ക് സ്വന്തം വ്യക്തിത്വം മറച്ചുവെക്കാനുള്ള അവസരം ഫ്രഞ്ച് നിയമം നല്‍കുന്നുണ്ടെങ്കിലും ആ അവകാശം തനിക്ക് വേണ്ടെന്ന് പറഞ്ഞായിരുന്നു ജെസ്ലി പെലിക്കോയുടെ നിയമപോരാട്ടം. ഇവര്‍ വിവാഹ മോചിതയായെങ്കിലും കേസിന്റെ ആവശ്യത്തിനുവേണ്ടി മാത്രമായി തന്റെ പേരിനൊപ്പം പെലിക്കോയെന്ന പേര് മാറ്റിയില്ല. മാത്രമല്ല, സ്വന്തം പേരും ചിത്രവും ലോകത്തിനുമുന്നില്‍ വെളിപ്പെടുത്തി തന്നെ ഫെമിനിസത്തിന്റെ പ്രതീകമായി പ്രഖ്യാപിച്ച് ജെസ്ലി നിയമപോരാട്ടത്തിനിറങ്ങുകയും ചെയ്തു.