ബംഗളുരു: രണ്ട് ഗ്രാമങ്ങള്‍ തമ്മില്‍ തര്‍ക്കവിഷയമായ ‘വിശുദ്ധ പോത്തി’ന്റെ ഉടമസ്ഥന്‍ ആരെന്ന് ഡിഎന്‍എ ടെസ്റ്റ് ചെയ്ത് കണ്ടെത്താനൊരുങ്ങി കര്‍ണാടക പൊലീസ്. കര്‍ണാടക ദേവനഗരിയിലാണ് സംഭവം. ദേവനഗരിയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള രണ്ട് ഗ്രാമങ്ങളായ കുണിബേല്ലെക്കരെയും കുലഘട്ടെയുമാണ് പോത്തിനെച്ചൊല്ലി തര്‍ക്കത്തിലായത്. എട്ട് വര്‍ഷം മുമ്പ് കുണിബേലക്കരെയിലെ ഗ്രാമദേവിയായ കരിയമ്മ ദേവിക്കായി ഗ്രാമീണര്‍ ഒരു പോത്തിനെ സമര്‍പ്പിച്ചിരുന്നു. പോത്തിനെ ഗ്രാമീണര്‍ ആരാധിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് കുണിബേലെപുരെക്ക് തൊട്ടടുത്ത ഗ്രാമമായ ബേലെപുരെയില്‍ ഒരു പോത്തിനെ കണ്ടെത്തി. നാല്‍പത് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ ഒരു പോത്തിനെ കണ്ടെത്തിയ വാര്‍ത്ത അറിഞ്ഞ കുലഘട്ടെ ഗ്രാമക്കാര്‍ ബേലെപുരെയില്‍ എത്തുകയും ഇത് രണ്ട് മാസം മുന്‍പ് കാണാതായ തങ്ങളുടെ പോത്താണെന്ന് പറഞ്ഞ് അതിനെ കൊണ്ടുപോവുകയുമായിരുന്നു.
എന്നാല്‍, കുലഘട്ടെക്കാര്‍ കൊണ്ടുപോയ പോത്ത് തങ്ങളുടെ വിശുദ്ധ പോത്തിന്റെ സന്തതി പരമ്പരയാണെന്ന് പറഞ്ഞ് കുണിബേലെക്കാര്‍ രംഗത്തുവന്നതോടെയാണ് വിഷയം പൊലീസിലെത്തുന്നത്. രണ്ട് ഗ്രാമക്കാരും പോത്തിന്റെ മേല്‍ അവകാശവാദമുന്നയിച്ചതോടെ പൊലീസിന് തലവേദനയായി. തര്‍ക്കവിഷയമായ പോത്തിനെ പൊലീസ് ഉടന്‍ സ്റ്റേഷനിലെത്തിച്ചു.
പോത്തിന്റെ വയസിനെക്കുറിച്ചും രണ്ട് ഗ്രാമങ്ങളും തമ്മില്‍ വാദപ്രതിവാദങ്ങളുണ്ടായി. കുണിബേലെക്കാര്‍ പോത്തിന് എട്ട് വയസിന് മുകളില്‍ പ്രായമുണ്ടെന്ന് പറഞ്ഞു, എന്നാല്‍ കുലഘട്ടെക്കാര്‍ പോത്തിന് മൂന്ന് വയസുണ്ടെന്നും പറഞ്ഞു. ഇതോടെ വയസ് തെളിയിക്കാനായി പൊലീസ് മൃഗഡോക്ടര്‍മാരുടെ സഹായം തേടി. പരിശോധനയില്‍ പോത്തിന് പ്രായം ആറ് വയസിന് മുകളിലുണ്ടെന്ന് കണ്ടെത്തി, എന്നാല്‍ ഈ പരിശോധന തങ്ങള്‍ വിശ്വസിക്കില്ല പോത്തിന് പ്രായം കുറവാണ്, ഇത് തങ്ങളുടെ പോത്ത് തന്നെയാണ് എന്നായി കുലഘട്ടക്കാരുടെ വാദം.
ഇതിനിടെ കുലഘട്ടെ ഗ്രാമത്തിലെ ഏഴ് പേര്‍ക്കെതിരെ കുണിബേരെ ഗ്രാമത്തിലെ ആളുകള്‍ മോഷണക്കേസ് നല്‍കി. ഇതിന് പിന്നാലെ പോത്തിന്റെ അവകാശികള്‍ ആരെന്നറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനും ഇവര്‍ ആവശ്യപ്പെട്ടു. രണ്ട് ഗ്രാമങ്ങളുടെ ചെറിയ കേസ് നിലവില്‍ എസ്പി നേരിട്ട് ഇടപെട്ട് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഡിഎന്‍എ പരിശോധനയ്ക്കായി പോത്തിന്റെ സാമ്പിള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഫലം വരുന്നതോടെ കുണിബേലെക്കാരുടെയും കുലഘട്ടെക്കാരുടെയും പ്രശ്നം ഒത്തുതീര്‍പ്പാക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ പ്രദേശത്ത് മറ്റൊരു പോത്തിന്റെ ഉടമസ്ഥാവകാശം ഡിഎന്‍എ പരിശോധനയിലൂടെ തെളിയിച്ചിരുന്നു, ഇതാണ് ഗ്രാമീണരെ പോത്തിന്റെ ഡിഎന്‍എ പരിശോധിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ചത്.