പത്തനംതിട്ട: വിദേശത്ത് പഠന, ജോലി വീസ നല്‍കാമെന്നു പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസില്‍ യുവതി അറസ്റ്റിലായത് പോലീസിന്റെ കരുതലോടെയുള്ള അന്വേഷണത്തില്‍. റാന്നി വെച്ചൂച്ചിറ സ്വദേശി കെ.രാജി (40) യാണ് അറസ്റ്റിലായത്.
ഇവര്‍ തിരുവല്ലയില്‍ ഒലീവിയ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനം വര്‍ഷങ്ങളായി നടത്തിവരികയാണ്. ചുനക്കര സ്വദേശിയായ വിദ്യാര്‍ഥിയില്‍നിന്നു വിദേശത്ത് പഠനവിസ നല്‍കാമെന്നറിയിച്ച് 10 ലക്ഷം രൂപ വാങ്ങുകയും ഒരു വര്‍ഷമായിട്ടും വീസയോ തിരികെ പണമോ നല്‍കാതെ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. റാന്നി, വര്‍ക്കല, കഴക്കൂട്ടം സ്റ്റേഷനുകളിലായി സമാനമായ കേസുകള്‍ ഇവര്‍ക്കെതിരെ ഉണ്ട്. വിദ്യാര്‍ത്ഥിയില്‍ നിന്നും വിദേശത്ത് പഠന വിസ നല്‍കാമെന്നറിയിച്ച് 10ലക്ഷം രൂപ വാങ്ങുകയും ഒരു വര്‍ഷമായിട്ടും വിസയോ പണമോ തിരികെ നല്‍കാതെ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്.
മഞ്ഞാടിയിലെ വാടകവീട്ടില്‍ നിന്നാണ് രാജിനെ കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്പി എസ്.അഷാദിന്റെ നേതൃത്വത്തില്‍ സിഐ വി.കെ.സുനില്‍ കൃഷ്ണന്‍, എസ്ഐ മുഹമ്മദ് സാലി, എസ്സിപിഒ എ.നാദിര്‍ഷാ, സിപിഒമാരായ മനോജ്, അഭിലാഷ്, പാര്‍വതി കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
അമേരിക്കയില്‍ മകള്‍ക്ക് പഠന വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ചുനക്കര സ്വദേശി വിഷ്ണുമൂര്‍ത്തി ഭട്ടിന്റെ കയ്യില്‍നിന്നും രാജി പണം തട്ടിയത്. പത്തര ലക്ഷത്തോളം രൂപ രാജി തട്ടിയെടുത്തു എന്നാണ് പരാതി. 2022 ഏപ്രില്‍ 14 ന് യുവതി താമസിച്ചിരുന്ന തിരുവല്ല കാട്ടൂക്കരയിലെ വീട്ടില്‍ വച്ച് ആദ്യം നാലര ലക്ഷം രൂപ നല്‍കി. തുടര്‍ന്നു പലപ്പോഴായി ഭട്ടിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും, പ്രതിയുടെ അക്കൗണ്ടിലേക്ക് ബാക്കി പണം കൈമാറി. പണം കൈപ്പറ്റിയെങ്കിലും വിസ തരപ്പെടുത്താനോ പണം തിരികെ നല്‍കാനോ പ്രതി തയ്യാറായില്ല. തുടര്‍ന്ന് ഭട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജി പിടിയിലായത്. തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതി പല സ്ഥലങ്ങളായി വാടക വീട് എടുത്തു താമസിക്കുകയായിരുന്നു.
വ്യാപകമായ അന്വേഷണത്തിനൊടുവില്‍ മഞ്ഞാടിയില്‍ യുവതി വാടകയ്ക്ക് താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് അന്വേഷണ സംഘം സ്ഥലത്തെത്തി നടത്തിയ രഹസ്യ നീക്കത്തിലൂടെ ഉച്ചക്ക് രണ്ടരയ്ക്ക് വീടിനു സമീപത്തു നിന്നും ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാറില്‍ യാത്രയ്ക്കിടെയാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് പിടിച്ചെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പത്തനംതിട്ട അബാന്‍ ജങ്ഷനില്‍ എഐഎംഎസ് ട്രാവല്‍സ് എന്ന പേരില്‍ സ്ഥാപനം നടത്തുന്നുണ്ടെന്നും എയര്‍, ബസ് ടിക്കറ്റുകള്‍, വിദേശ പഠന വിസകള്‍ എന്നിവ തരപ്പെടുത്തി കൊടുക്കുന്നുണ്ടെന്നും മറ്റും പ്രതി വെളിപ്പെടുത്തി.
ഭട്ടിനെ പരിചയപ്പെട്ട ശേഷം മകള്‍ക്ക് വിദേശ പഠനം നേടികൊടുക്കുന്നതിനു പണം കൈപ്പറ്റിയതായി പ്രതി സമ്മതിച്ചു. വിസ നല്‍കുകയോ പണം തിരികെ കൊടുക്കുകയോ ചെയ്തില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു.