തിരുവനന്തപുരം: വിതുര ചായം ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ദേവിയുടെ പുതിയ തിരുമുടി നിര്‍മാണ ചടങ്ങുകള്‍ക്കു തുടക്കമായി. വരിക്ക പ്ലാവിന്റെ കാതലിലാണു തിരുമുടി കൊത്തി ഒരുക്കുന്നത്. ചായം പുത്തന്‍വീട് ശാന്തി ഭവനില്‍ എന്‍.പ്രഭാകരന് നായരും കെ.ശാന്ത കുമാരിയും ചേര്‍ന്നു നേര്‍ച്ചയായി നല്കിയ പ്ലാവില്‍ നിന്ന് ആവശ്യമായ തടി കൊത്തിയെടുക്കുന്ന ചടങ്ങിനു തൃക്കാര്‍ത്തിക ദിനത്തില്‍ തുടക്കം കുറിച്ചു.
തച്ചന് ബി.പ്രതാപചന്ദ്രന്റെ (വെള്ളനാട്) നേതൃത്വത്തിലാണു തിരുമുടി ഒരുക്കല്‍. ആയുധ പൂജയ്ക്കു ശേഷം ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ഘോഷയാത്രക്കും ചടങ്ങുകള്‍ക്കും മേല്‍ശാന്തി ശംഭു പോറ്റി,അനില്‍ കുമാര്‍ (വെള്ളനാട്), ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.വിജയന് നായര്‍, സെക്രട്ടറി എസ്.തങ്കപ്പന് പിള്ള, ട്രഷറര്‍ പി.ബിജു കുമാര്‍, വൈസ് പ്രസിഡന്റ് ജി.ഗിരീശന് നായര്‍, ജോയിന്റ് സെക്രട്ടറി ഭൂവനേന്ദ്രന് നായര്‍, കമ്മിറ്റി അംഗങ്ങളായ വി.മഹേശ്വരന് നായര്‍, കെ.കമലാസനന്, ബി.ജയകുമാര്‍, ജി.ശങ്കരന് നായര്‍, കെ.എല്‍.ജയന് ബാബു, ക്ഷേത്ര തച്ചന് രവി തുടങ്ങിയവര്‍ നേതൃത്വം നല്കി.
നൂറ്റന്പത് വര്‍ഷത്തോളം പഴക്കമുള്ള വരിക്ക പ്ലാവ് മുറിക്കാതെ ജീവനോടെ നിലനിര്‍ത്തിയാണ് തിരുമുടിക്കാവശ്യമായ കാതല്‍ മാത്രം കൊത്തിയെടുക്കുന്നത്. ഇത് വെളളനാട്ടെ പണിപ്പുരയിലേക്കു കൊണ്ടുപോകും. മാസങ്ങളെടുത്താണു വ്രതശുദ്ധിയോടെ തിരുമുടി കൊത്തിയൊരുക്കുന്നത്. അടുത്ത വര്‍ഷത്തെ ഉത്സവം മുതല്‍ പുറത്തെഴുന്നള്ളിക്കുന്നത് പുതിയ തിരുമുടിയാകും.