KeralaNEWS

ഒന്നിച്ചു കണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കി; അവര്‍ ഇന്ന് ഒരുമിച്ച് വിടപറയും

പത്തനംതിട്ട: അവര്‍ ഇന്ന് നാടിനോടും വീടിനോടും അവസാനമായി യാത്ര പറയും. ഒന്നിച്ചു കണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി നിഖിലും അനുവും മറ്റൊരു ലോകത്തേക്കു ഒന്നിച്ചു തന്നെ യാത്രയാകുന്നു, ഒപ്പം ഇരുവരുടെയും പിതാക്കന്മാരും. കഴിഞ്ഞ ഞായറാഴ്ച മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിലാണു മല്ലശേരി പുത്തേതുണ്ടിയില്‍ മത്തായി ഈപ്പന്‍ (65), മകന്‍ നിഖില്‍ ഈപ്പന്‍ (30), ഭാര്യ മല്ലശേരി പുത്തന്‍വിള കിഴക്കേതില്‍ അനു ബിജു (26), അനുവിന്റെ പിതാവ് ബിജു പി.ജോര്‍ജ് (51) എന്നിവര്‍ മരിച്ചത്.

നാലു പേരുടെയും സംസ്‌കാരം ഇന്ന് (19) ഒരുമിച്ച് പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടത്തും. മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലേക്കു കൊണ്ടുപോകുന്ന മൃതദേഹങ്ങള്‍ രാവിലെ എട്ടോടെ പള്ളിയില്‍ എത്തിക്കും. 12 വരെയുള്ള പൊതുദര്‍ശനത്തിനുശേഷം സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. ശുശ്രൂഷകള്‍ക്ക് സാമുവല്‍ മാര്‍ ഐറേനിയസ് മുഖ്യകാര്‍മികത്വം വഹിക്കും.

Signature-ad

മധുവിധു ആഘോഷിച്ച് മലേഷ്യയില്‍ നിന്ന് തിരികെയെത്തുന്ന നിഖിലിനെയും അനുവിനെയും വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടു വരുന്ന വഴി മുറിഞ്ഞകല്ലില്‍ വച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസില്‍ ഇടിച്ച് അപകടമുണ്ടായത്. 8 വര്‍ഷത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ നവംബര്‍ 30നാണ് നിഖിലിന്റെയും അനുവിന്റെയും വിവാഹം നടന്നത്. വെറും 15 ദിവസം മാത്രമാണ് ഇരുവരും ഒന്നിച്ചു ജീവിച്ചത്. നിഖിലിന്റെ കൂടെ അടുത്ത മാസം കാനഡയിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു അനു. വിവാഹത്തിന്റെയും ഇടവക പെരുന്നാളിന്റെയും സന്തോഷം മാറും മുന്‍പാണ് കുടുംബത്തിലെ 4 മരണങ്ങളുടെ ദുഃഖ വാര്‍ത്തയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: