NEWSWorld

സിറിയയില്‍നിന്ന് ‘തടികയിച്ചലാക്കാന്‍’ റഷ്യ; നാടുകടക്കാന്‍ പട്ടാളത്തിന്റെ നെട്ടോട്ടം

ദമസ്‌കസ്: ബാഷര്‍ അല്‍ അസദിന്റെ ഭരണ അന്ത്യത്തിന് പിന്നാലെ സിറിയയില്‍ നിന്ന് റഷ്യന്‍ സേന പിന്‍വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സിറിയയിലെ റഷ്യന്‍ നിയന്ത്രിത തുറമുഖത്തിന്റെയും പടിഞ്ഞാറന്‍ സിറിയയിലെ എയര്‍ബേസിന്റെയും ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരമാണ് റഷ്യയുടെ നീക്കത്തെക്കുറിച്ച് സൂചന ലഭിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പ്രകാരം ഈ രണ്ട് പ്രദേശങ്ങളിലേക്കും വന്‍തോതില്‍ റഷ്യന്‍ സായുധ വാഹനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കൂടാതെ രണ്ട് കേന്ദ്രങ്ങളിലും റഷ്യയുടെ മിലിട്ടറി വാഹനങ്ങളെ നീക്കം ചെയ്യുന്ന ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ വരികയും പോവുകയും ചെയ്തിട്ടുണ്ട്. ഇത് കൂടാതെ തെക്കന്‍ സിറിയയുടെ പല ഭാഗങ്ങളില്‍ നിന്നും റഷ്യന്‍ സായുധ ട്രക്കുകള്‍ വടക്കുള്ള റഷ്യന്‍ ക്യാമ്പുകളിലേക്ക് നീങ്ങുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

യുദ്ധങ്ങളെക്കുറിച്ച് പഠനം നടത്തുന്ന അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സ്റ്റഡി ഓഫ് വാറിന്റെ നിഗമനപ്രകാരം റഷ്യ സിറിയയില്‍ നിന്നും തങ്ങളുടെ സേനയെ പരിപൂര്‍ണമായി പിന്‍വലിക്കുന്നതിനോ, സൈനികശക്തി കുറയ്ക്കുന്നതിനോ തീരുമാനിച്ചിരിക്കുകയാണ്. പുതിയ ഗവണ്‍മെന്റുമായി സമാധാനത്തോടെ ചര്‍ച്ചകള്‍ നടത്തുന്നതിനായി റഷ്യ സ്വീകരിക്കുന്ന നിലപാടായിരിക്കാം സായുധ വാഹനങ്ങളുടെയും സൈന്യത്തിന്റെയും തിരിച്ചുവിളിക്കല്‍ എന്നും നിഗമനമുണ്ട്. അസദ് ഭരണകൂടവുമായി മികച്ച ബന്ധമായിരുന്നു റഷ്യ പുലര്‍ത്തിയിരുന്നത്. 2011ല്‍ അഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ റഷ്യന്‍ സേനയാണ് അസദിന് സഹായമൊരുക്കിയത്. രാജ്യത്ത് റഷ്യ തങ്ങളുടെ സൈന്യത്തെ വന്‍തോതില്‍ വിന്യസിക്കുകയും ചെയ്തിരുന്നു.

Signature-ad

1970ല്‍ താര്‍തൗസില്‍ സോവിയറ്റ് യൂണിയന്‍ സ്ഥാപിച്ച തുറമുഖം 2012ല്‍ തങ്ങളുടെ ആവശ്യാനുസരണം റഷ്യ പുതുക്കിപ്പണിതിരുന്നു. ഇത് കൂടാതെ ഹ്‌മെയ്മിമിലെ എയര്‍ബേസ് 2015 മുതല്‍ റഷ്യ ഉപയോഗിക്കുന്നുണ്ട്. ഇവിടെ നിന്നാണ് സിറിയയിലെ പല പ്രദേശങ്ങളിലേക്കും റഷ്യ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നത്. സിറിയയിലെ രണ്ട് സൈനികകേന്ദ്രങ്ങളും റഷ്യയ്ക്ക് വളരെ തന്ത്രപ്രധാനമായ പ്രവിശ്യകളാണ്. മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക, മെഡിറ്ററേനിയന്‍ കടല്‍ എന്നിവിടങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ റഷ്യയ്ക്ക് ഈ മേഖലകളില്‍ നിന്ന് സാധിക്കും.

എന്നാല്‍, അസദ് ഭരണകൂടത്തിന്റെ തകര്‍ച്ചയോടെ റഷ്യയുടെ സിറിയയിലെ നിലനില്‍പ്പില്‍ സംശയങ്ങളുദിക്കാന്‍ തുടങ്ങി. പുതിയ ഭരണകൂടവുമായി വിഷയത്തില്‍ ചര്‍ച്ച നടത്താനൊരുങ്ങിയിരിക്കുകയാണ് റഷ്യ. വിഷയത്തില്‍ ഇതുവരെ നടപടിയായിട്ടില്ലെന്നും സിറിയന്‍ അധികൃതരുമായി ചര്‍ച്ച പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ക്രെംലിനില്‍ നിന്നുള്ള പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് പറഞ്ഞു.

പ്ലാനറ്റ് ലാബ്സിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് ബിബിസി നടത്തിയ അന്വേഷണത്തിലാണ് സിറിയയിലെ റഷ്യന്‍ നീക്കത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചിരിക്കുന്നത്. സായുധ വാഹനങ്ങളും സൈനികരെയും നീക്കുന്നതിനായി ഉപയോഗിക്കുന്ന രണ്ട് അന്റൊണോവ് എഎന്‍ – 124 വിമാനങ്ങള്‍ വെള്ളിയാഴ്ച എയര്‍ബേസില്‍ കാണാന്‍ സാധിച്ചിരുന്നു എന്നാല്‍ ചൊവ്വാഴ്ചയോടെ രണ്ടു വിമാനങ്ങളെയും കാണാതായി. ബുധനാഴ്ച രണ്ട് വിമാനങ്ങളെ വീണ്ടും എയര്‍ബേസില്‍ കണ്ടെത്തി.

മറ്റൊരു ദൃശ്യപ്രകാരം റഷ്യന്‍ നിര്‍മിത വിമാനമായ ഇല്‍യൂഷിന്‍ ഇല്‍ – 76 ട്രാന്‍സ്പോര്‍ട്ട് വിമാനവും നിരവധി സൈനികവാഹനങ്ങളും ഒരു എയര്‍ഫീല്‍ഡില്‍ പാര്‍ക്ക് ചെയ്തതായും കാണാന്‍ സാധിക്കുന്നുണ്ട്. വിമാനങ്ങളുടെ യാത്ര നിരീക്ഷിക്കുന്ന ഫ്ലൈറ്റ് ട്രേഡര്‍ 24 എന്ന് വെബ്സൈറ്റ് നിരീക്ഷിച്ചത് പ്രകാരം മറ്റൊരു ഭീമന്‍ ട്രാന്‍സ്പോര്‍ട്ട് വിമാനമായ ആന്റണോവ് എന്‍ – 124 റഷ്യയില്‍ നിന്നും സിറിയയിലേക്ക് തിരിച്ചിട്ടുണ്ട്. ഹ്‌മെയിം എയര്‍ബേസിന്റെ തൊട്ടടുത്ത് വെച്ച് വിമാനത്തിന്റെ സിഗ്‌നല്‍ നിലച്ചതിനാല്‍ ഇത് ഇവിടെ ഇറങ്ങിയതായാണ് കരുതുന്നത്. ആറ് മണിക്കൂറുകള്‍ക്ക് ശേഷം ഇതേ വിമാനം വടക്കോട്ട് തിരിച്ചതായും സിഗ്‌നലുകളുണ്ട്.

അസദ് ഭരണകൂടത്തിന്റെ പൊടുന്നനെയുള്ള തകര്‍ച്ച റഷ്യ പ്രതീക്ഷിച്ചില്ലെന്നും തങ്ങളുടെ സേനയെ മുഴുവനായി പിന്തിരിപ്പിക്കാന്‍ റഷ്യ തീരുമാനിച്ചിട്ടില്ലെന്നും നിഗമനമുണ്ട്. വിമാനങ്ങളുടെ തുടര്‍ച്ചയായുള്ള പോക്കുവരവുകള്‍ റഷ്യ ഘട്ടം ഘട്ടമായി സൈന്യത്തെയും ഉപകരണങ്ങളെയും നീക്കുന്നതിന്റെ ഭാഗമായാണ് എന്നും വിദഗ്ധര്‍ കരുതുന്നു.

താര്‍തസിലെ തുറമുഖത്ത് നിന്നും റഷ്യന്‍ യുദ്ധകപ്പലുകള്‍ പോയതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ കപ്പലുകള്‍ നിലവില്‍ അന്താരാഷ്രട്ര കപ്പല്‍ പാതയിലാണുള്ളത്. തുറുമഖത്ത് ഇതിനോടകം നൂറുകണക്കിന് റഷ്യന്‍ സൈനിക വാഹനങ്ങളാണ് എത്തിയിരിക്കുന്നത്. ക്രെയിനുകളുടെയും റാമ്പുകളുടെയും അഭാവത്താല്‍ റഷ്യ വാഹനങ്ങളെ നീക്കാനുള്ള സാധ്യത കുറവാണെന്നും പലരും കരുതുന്നു.

ദമസ്‌കസ് മുതല്‍ റഷ്യന്‍ വാഹനങ്ങള്‍ വരിവരിയായി യാത്ര ചെയ്യുന്ന വീഡിയോ ബിബിസി പുറത്തുവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: