KeralaNEWS

ജോലിക്കെത്താത്ത 36 ഡോക്ടര്‍മാരെ പിരിച്ചുവിട്ട് ആരോഗ്യ വകുപ്പ്; 17 ഡോക്ടര്‍മാരുടെ പേരില്‍കൂടി ഉടന്‍ നടപടി

തിരുവനന്തപുരം: വര്‍ഷങ്ങളായി അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്ന 36 ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. കാരണം കാണിക്കല്‍ നോട്ടീസിനോടുംപോലും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് 36 പേരെയും പിരിച്ചുവിട്ടത്. പലരും സ്വകാര്യമേഖലയിലോ വിദേശത്തോ ജോലി തേടിപ്പോയതാകാമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. 33 ഡോക്ടര്‍മാരെ ആരോഗ്യഡയറക്ടറും മൂന്നുപേരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമാണ് നീക്കംചെയ്തത്.

17 ഡോക്ടര്‍മാര്‍ ഇനിയും നോട്ടീസിനോട് പ്രതികരിച്ചിട്ടില്ല. അടുത്തയാഴ്ചയോടെ ഇവര്‍ക്കെതിരെയും നടപടി വന്നേക്കും. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍മാത്രം 600 ഡോക്ടര്‍മാര്‍ അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെന്ന് ഡോ. കെ.ജെ. റീന പറഞ്ഞു. 2008 മുതല്‍ സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, അസിസ്റ്റന്റ് സര്‍ജന്‍, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ തസ്തികകളിലുള്ളവരെയാണ് പുറത്താക്കിയത്.

Signature-ad

ഡോക്ടര്‍മാര്‍ അടക്കം 337 പേരാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള മെഡിക്കല്‍ കോളേജുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. 291 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

മെഡിക്കല്‍ കോളേജുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നവരില്‍ ഏറെയും നഴ്‌സുമാരാണ്. വിവിധഗ്രേഡുകളിലുള്ള 216 നഴ്‌സുമാര്‍ നാളുകളായി ജോലിക്കെത്തുന്നില്ലെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെതന്നെ കണക്ക്. ഡെന്റല്‍ ഹൈജീനിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്, ക്ലാര്‍ക്ക്, ലാബ് ടെക്‌നീഷ്യന്‍, ബ്ലഡ്ബാങ്ക് ടെക്‌നീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ്, സൈക്യാട്രി സോഷ്യല്‍വര്‍ക്കര്‍ തുടങ്ങിയ തസ്തികകളിലുള്ളവരും വിട്ടുനില്‍ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: