തിരുവനന്തപുരം: ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. രാജ്ഭവനിലെ ആഘോഷത്തില്‍ സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പങ്കെടുത്തു. സര്‍ക്കാറിന്റെ ദില്ലിയിലെ പ്രതിനിധി കെ.വി തോമസും വിരുന്നിനെത്തി. മതമേലദ്ധ്യക്ഷന്മാരും സാമുദായിക നേതാക്കളും വിരുന്നില്‍ പങ്കെടുത്തു. ഗവര്‍ണറും സര്‍ക്കാറുമായുള്ള ഭിന്നത മൂലം കഴിഞ്ഞവര്‍ഷവും മുഖ്യമന്ത്രി ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല.
അതേസമയം, ഇന്നലെ എസ്എഫ്‌ഐ പ്രതിഷേധത്തെ തുടര്‍ന്ന് കേരളസര്‍വകലാശാലാ സെനറ്റ്ഹാളിന്റെ വാതിലുകളും ജനലുകളും ഒരുമണിക്കൂര്‍ പൂട്ടിയിട്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് പൊലീസ് സംരക്ഷണമൊരുക്കിയത്. അന്താരാഷ്ട്ര സംസ്‌കൃത സെമിനാര്‍ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ഗവര്‍ണര്‍. ഒടുവില്‍ സി.ആര്‍.പി.എഫ്, പൊലീസ് വലയത്തിലാണ് ഗവര്‍ണറെ സര്‍വകലാശാലയ്ക്ക് പുറത്തെത്തിച്ചത്.
ഹാളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും സര്‍വകലാശാലാ ജീവനക്കാരും അദ്ധ്യാപകരുമടക്കം 1600ലേറെപ്പേര്‍ പരിഭ്രാന്തരായി. പൊലീസ് വലയം ഭേദിച്ചെത്തിയ എസ്.എഫ്.ഐക്കാര്‍ സെനറ്റ്ഹാളിന്റെ വലതുവശത്തെ ജനാലകളില്‍ ആഞ്ഞടിച്ചു. ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു. വാതിലുകള്‍ തുറക്കാതിരിക്കാന്‍ പൊലീസ് തള്ളിപ്പിടിച്ചു. ഹാളിന്റെ വരാന്തയില്‍ പൊലീസും എസ്.എഫ്.ഐക്കാരുമായി ഉന്തുംതള്ളുമായി. ഈസമയമത്രയും ഗവര്‍ണര്‍ക്കരികിലും വേദിക്ക് മുന്നിലുമായി തോക്കേന്തിയ സി.ആര്‍.പി.എഫുകാര്‍ കാവല്‍ നില്‍ക്കുകയായിരുന്നു. പന്ത്രണ്ടരയോടെ സമരക്കാര്‍ പുറത്തുപോയശേഷമാണ് വാതിലുകളും ജനലുകളും തുറന്നത്.
എസ്.എഫ്.ഐ നേതാക്കളായ സിജോ, അനുശ്രീ, അഫ്‌സല്‍, ആദര്‍ശ് അടക്കം 100 പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. സഞ്ചാരം തടഞ്ഞതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടഞ്ഞതിനുമാണ് കേസ്. പിന്നീട് നാലുപേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. രണ്ടുപേര്‍ക്ക് നോട്ടീസ് നല്‍കി.