NEWSWorld

അമേരിക്കയില്‍ സ്‌കൂളില്‍ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു, വെടിവെച്ച 15കാരിയും മരിച്ചനിലയില്‍

വാഷിങ്ടണ്‍: അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ വിദ്യാര്‍ഥികളും അധ്യാപകനുമടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം. അധ്യാപകരും വിദ്യാര്‍ഥികളുമായ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതില്‍ രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസ്‌കോണ്‍സിന്‍ തലസ്ഥാനമായ മാഡിസണിലെ അബണ്ടന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്.

കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. ഏതാണ്ട് 400 വിദ്യാര്‍ഥികളുള്ള സ്‌കൂളില്‍ ആക്രമണം നടത്തിയത് ഇതേസ്‌കൂളിലെ വിദ്യാര്‍ഥി തന്നെയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

Signature-ad

ആക്രമണം നടത്തിയ വിദ്യാര്‍ഥിയെ പിന്നീട് മരിച്ച നിലയില്‍ സ്‌കൂളില്‍നിന്ന് കണ്ടെത്തി. 15 വയസുള്ള പെണ്‍കുട്ടിയാണ് സ്‌കൂളില്‍ തോക്ക് കൊണ്ടുവന്ന് വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ചതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഈ കുട്ടിയുടെ കുടുംബം പോലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ആക്രമണത്തിന് പ്രകോപനമായ കാരണത്തെ കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല. സ്‌കൂളില്‍ കൃത്യസമയത്ത് തന്നെ എത്തിയ വിദ്യാര്‍ഥി മൂന്ന് മണിക്കൂറിന് ശേഷമാണ് തോക്ക് പുറത്തെടുത്ത് ആക്രമണം നടത്തിയത്. ആദ്യ വെടിശബ്ദം മുഴങ്ങിയപ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ പരക്കം പാഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ നേരത്തെ തന്നെ പരിശീലനങ്ങള്‍ നല്‍കിയിരുന്നതിനാല്‍ മിക്കവരും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിരുന്നു.

അമേരിക്കയില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇതേപോലെയുള്ള 322 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൊട്ടുമുമ്പത്തെ വര്‍ഷം അത് 349 ആയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: