തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണ തസ്തികകള്‍ നിര്‍ത്തലാക്കാനും, ജോലികള്‍ പുറംകരാര്‍ നല്‍കാനുമുള്ള ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ജീവനക്കാരില്ലാത്ത സ്ഥലങ്ങളില്‍ കുടുംബശ്രീയെ പരിഗണിക്കാം. നിലവില്‍ എംപ്ലോയ്‌മെന്റിനെ ആശ്രയിച്ചിരുന്നതിനു പകരം പുറംകരാര്‍ നല്‍കും.
റവന്യു, ആരോഗ്യം, പോലീസ്, അഗ്നിശമനസേന, തദ്ദേശവകുപ്പുകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കാനും തീരുമാനമായി. വില്ലേജ്, പഞ്ചായത്ത്, കൃഷിഭവന്‍, മൃഗാശുപത്രി, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഓഫീസ് ആവശ്യത്തിന് ഇരുചക്രവാഹനങ്ങള്‍ അനുവദിക്കും. ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യവാഹനം ഉപയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇന്ധനച്ചെലവ് അനുവദിക്കുന്നതും പരിഗണനയിലുണ്ട്.
പത്തുവര്‍ഷത്തില്‍ പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കണമെന്നും ശുപാര്‍ശയുണ്ട്. ഇതില്‍ നടപടി എടുക്കാന്‍ ധനവകുപ്പിനെ ചുമതലപ്പെടുത്തി. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കാനാണ് കേന്ദ്രതീരുമാനം. ഇതുപ്രകാരം 3000 വാഹനങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. ഇതില്‍ ആരോഗ്യവകുപ്പിന്റെ വാഹനങ്ങള്‍ വീണ്ടും ഉപയോഗിക്കാന്‍ ഇളവുതേടി സര്‍ക്കാര്‍ കേന്ദ്രത്തിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഇതിനിടെയാണ് സര്‍ക്കാര്‍ വാഹനങ്ങളുടെ പ്രായം പത്തുവര്‍ഷമായി ചുരുക്കാന്‍ നീക്കമുള്ളത്.
സേവനാവകാശ നിയമപ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് പരിശോധിക്കാന്‍ എച്ച്.ആര്‍. ഏജന്‍സികളെ ചുമതലപ്പെടുത്താനും നിര്‍ദേശമുണ്ടായിരുന്നു. പഠനത്തിന് സ്വകാര്യ സ്ഥാപനങ്ങളെ ഒഴിവാക്കി പകരം സര്‍ക്കാര്‍ ഏജന്‍സികളെ നിയോഗിക്കും. ഒരോ ജീവനക്കാരന്റെയും ചുമതലയും ഉത്തരവാദിത്വവും കൃത്യമായി നിര്‍വചിക്കുന്നതിനും പരസ്യപ്പെടുത്തുന്നതിനും തീരുമാനമായി. വിരമിച്ച ജീവനക്കാരുടെ സേവനം വകുപ്പുകള്‍ക്ക് തേടാം. എന്നാല്‍ സൗജന്യമായിരിക്കണം. പ്രതിഫലം നല്‍കില്ല.
സോഷ്യല്‍ മീഡിയയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പരിഷ്‌കരിക്കാന്‍ പൊതുഭരണവകുപ്പിനെ ചുമതലപ്പെടുത്തി. സ്‌പെഷ്യല്‍ റൂള്‍ തയ്യാറാക്കലും ഭേദഗതിയും പരമാവധി രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.