CrimeNEWS

ജയിലില്‍ സഹതടവുകാരെയും ജീവനക്കാരെയും മര്‍ദിച്ച് മോഷണക്കേസ് പ്രതി; അഞ്ച് പേര്‍ ആശുപത്രിയില്‍

കൊല്ലം: കൊട്ടാരക്കര സബ് ജയിലില്‍ സഹ തടവുകാര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കും തടവുകാരന്റെ ക്രൂരമര്‍ദ്ദനം. പന്മന സ്വദേശി ചില്ല് ശ്രീകുമാര്‍ എന്ന ശ്രീകുമാറാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപതോളം കേസുകളില്‍ പ്രതിയാണ് ശ്രീകുമാര്‍.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ശ്രീകുമാര്‍ ജയിലില്‍ ആക്രമണം നടത്തിയത്. സഹതടവുകാരന്‍ ആയിരുന്ന രാജീവിനെ രണ്ട് ദിവസം മുന്‍പ് മര്‍ദിച്ചു. പരാതി നല്‍കിയതിനെ തുടര്‍ന്ന് മറ്റൊരു സെല്ലിലേക്ക് മാറ്റിയ ശ്രീകുമാര്‍ അവിടെയും ആക്രമണം തുടര്‍ന്നു. മനു, ജയിന്‍ സാം എന്നീ സഹതടവുകാര്‍ക്കായിരുന്നു ഇത്തവണ മര്‍ദനം. നിലവിളി കേട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും പിടിച്ചുമാറ്റാന്‍ ശ്രമിക്കവേ ഇവരെയും ശ്രീകുമാര്‍ മര്‍ദിച്ചു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ ധനേഷ് കുമാര്‍, രാമചന്ദ്രന്‍ എന്നിവര്‍ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Signature-ad

കൊലപാതക കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശ്രീകുമാര്‍ മോഷണ കേസില്‍ റിമാന്‍ഡിലാണ്. കെഎസ്ആര്‍ടിസി ബസിന്റെ ചില്ലറിഞ്ഞ് തകര്‍ത്തതോടെയാണ് ചില്ല് ശ്രീകുമാര്‍ എന്ന പേര് വീണത്. ഹരിപ്പാട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് പോയ സമയത്തും ശ്രീകുമാര്‍ അക്രമാസക്തനായതായി പരാതിയുണ്ട്.

ജയിലിലെ ആക്രമണം സംബന്ധിച്ച് അധികൃതര്‍ ഡിജിപിക്കും കോടതിയിലും റിപ്പോര്‍ട്ട് നല്‍കി. ജയിലിനുള്ളില്‍ അക്രമം നടത്തിയതിനും ജീവനക്കാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പ്രതിക്ക് എതിരെ പോലീസില്‍ പരാതി നല്‍കിയതായി ജയില്‍ സൂപ്രണ്ട് അറിയിച്ചു.

 

Back to top button
error: