തിരുവനന്തപുരം: പാലോട് നവവധു ഇന്ദുജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഭിജിത്തിനെയും അജാസിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ഇന്ദുജയെ അജാസ് മര്‍ദ്ദിച്ചുവെന്ന് പൊലീസ് സംശയിക്കുന്നു. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അഭിജിത്തിന്റെയും അജാസിന്റെയും ഫോണിലെ വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇതും പൊലീസിന് സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു.
മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് അച്ഛന് ശശിധരന് കാണിയാണ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. ഇന്ദുജയുടെ ശരീരത്തില്‍ രണ്ടുദിവസം പഴക്കമുള്ള പാടുകള്‍ ഉണ്ട്. അടുത്തകാലത്താണ് ഇന്ദുജയ്ക്ക് മര്‍ദനമേറ്റതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.
പാലോട് ഇടിഞ്ഞാര്‍ കൊളച്ചല്‍ കൊന്നമൂട് സ്വദേശി ഇന്ദുജയെ വെള്ളിയാഴ്ചയാണ് ഭര്‍ത്താവ് അഭിജിത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടത്. ഇന്ദുജയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ആദിവാസി ക്ഷേമ സമിതിയും ആദിവാസി മഹാസഭയും രംഗത്തെത്തിയിട്ടുണ്ട്.