ഒട്ടേറെ സ്വപ്നങ്ങളുമായാണ് പി.പി മുഹമ്മദ് ഇബ്രാഹിം എന്ന 19 കാരൻ തന്റെ ജന്മദേശമായ ലക്ഷദ്വീപിൽ നിന്ന് കടൽ കടന്ന് കേരളത്തിൽ എത്തിയത്. ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിലെ മുഹമ്മദ് സനീറിന്റെയും മുംതാസിന്റെയും മകൻ പഠിക്കാൻ മിടുക്കനായിരുന്നു. പ്ലസ്ടു ജയിച്ചത് 98 ശതമാനം മാർക്കോടെ. ആദ്യശ്രമത്തിൽ തന്നെ നീറ്റിൽ മികച്ച റാങ്ക് നേടി എംബിബിഎസിന് പ്രവേശനം നേടുകയും ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളജിലാണ് പ്രവേശനം ലഭിച്ചത്. മുഹമ്മദ് ഇബ്രാഹിം കുടുംബത്തിന്റെയും മാത്രമല്ല നാടിന്റെയും പ്രതീക്ഷയായിരുന്നു. ഒടുവിൽ അപ്രതീക്ഷിതമായി ആ യുവാവിന്റെ പ്രാണൻ വിധി തട്ടി എടുത്തു. ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ 4 സഹപാഠികൾക്കൊപ്പം മുഹമ്മദ് ഇബ്രാഹിമും മരണത്തിനു കൂട്ടു പോയി. പക്ഷേ സ്വന്തം മണ്ണിലേക്ക് തിരിച്ചു പോകാൻ മുഹമ്മദ് ഇബ്രാഹിമിന് കഴിഞ്ഞില്ല. ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദില്‍ മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം കബറടക്കി. ഈ 5 പേരിൽ ആദ്യം സംസ്കരിച്ചതും മുഹമ്മദ് ഇബ്രാഹിമിനെയാണ്. ലക്ഷദ്വീപിൽ നിന്ന് പിതാവ്.മുഹമ്മദ് സനീറും മാതാവ് മുംതാസും ബന്ധുക്കളും സംസ്കാര ചടങ്ങിനായി എറണാകുളത്തെത്തി. മുഹമ്മദ് ഇബ്രാഹിം പഠിച്ച മലപ്പുറത്തെ സ്കൂളിലെ സഹപാഠികൾ ഉൾപ്പെടെയുള്ളവരുടെ തേങ്ങലുകൾക്കിടെയായിരുന്നു കബറടക്കം. മുഹമ്മദ് ഇബ്രാഹിമിന്റെ സഹോദരൻ മുഹമ്മദ് അഷ്ഫാക് മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
ആ 5 പേരും കേവലം 19 വയസുമാത്രം പ്രായമുള്ളവർ. രണ്ടു മാസം മുൻപ് ആലപ്പുഴ വണ്ടാനം ഗവ.മെഡിക്കൽ കോളജിൽ അഡ്മിഷൻ കിട്ടി എത്തിയവർ. ഭാവി ഡോക്ടർമാരായി പഠിച്ചിറങ്ങേണ്ട ആ കൂട്ടുകാര്‍ കോളജിലെ സെൻട്രൽ ലൈബ്രറി ഹാളിൽ ചലനമറ്റു കിടന്നു, ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് 5 പേരുടെയും മൃതദേഹങ്ങള്‍ കോളജിൽ പൊതുദര്‍ശനത്തിന് എത്തിച്ചത്. കഴിഞ്ഞ ദിവസംവരെ കാമ്പസിലുണ്ടായിരുന്ന പ്രിയപ്പെട്ട കൂട്ടുകാരെ അവസാനമായി കാണാൻ എത്തിയപ്പോള്‍ സഹപാഠികളായ പലര്‍ക്കും നിയന്ത്രണം നഷ്ടമായി. പലരും വിങ്ങിപ്പൊട്ടി. ചിലര്‍ തേങ്ങലടക്കാൻ പാടുപെട്ടു.
കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍ ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദ് (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.
മെഡിക്കല്‍ കോളേജിലെ പൊതുദര്‍ശനചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. മന്ത്രിമാരായ വീണാ ജോര്‍ജ്, സജി ചെറിയാന്‍, പി. പ്രസാദ് തുടങ്ങിയവരും മെഡിക്കൽ കോളജിൽ എത്തിയിരുന്നു. പൊതുദര്‍ശന ചടങ്ങിനിടെ മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെയുള്ളവരും വിതുമ്പി.
ഒന്നരമണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിന് ശേഷം 5 വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ അവരവരുടെ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി. പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ പോലീസ് അകമ്പടിയോടെയാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജബ്ബാറിന്റെ മൃതദേഹമാണ് ആദ്യം കാമ്പസില്‍നിന്ന് കൊണ്ടുപോയത്. പിന്നാലെ മറ്റുള്ളവരുടെ മൃതദേഹങ്ങളും പുറത്തേക്ക് യാത്രയായി.
ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംക്‌ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഈ 5 വിദ്യാർഥികളെയും കാണാൻ നാട് ഒന്നാകെ ഒഴുകിയെത്തി. ഇന്നലെ രാത്രി 9.20ന് അപകടം നടന്നപ്പോൾ തന്നെ മെഡിക്കൽ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടതെന്ന് വാർത്ത പരന്നു. രാത്രി ഹോസ്റ്റലിൽ നിന്ന് ആലപ്പുഴ നഗരത്തിലേക്കു സിനിമ കാണാൻ പോയ സംഘമാണ് എന്ന് സ്ഥിരീകരണം ഉണ്ടായതോടെ കോളജ് ഹോസ്റ്റലിലെ വിദ്യാർഥികളും നാട്ടുകാരും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലേക്ക് ഓടിയെത്തി.
ദേവനന്ദ് ഇന്നലെ സിനിമയ്ക്കായി പോകുന്നതിനു മുൻപ് അമ്മയെ വിളിച്ചിരുന്നു. നല്ല മഴയായതിനാൽ പിന്നീട് പോകാമെന്ന് അമ്മ പറഞ്ഞു. കൂട്ടുകാർ പോകുന്നതിനാൽ കൂടെ പോകുന്നു എന്നാണ് ദേവനന്ദ് പറഞ്ഞത്. സിനിമ കാണാൻ കൂട്ടുകാരുമായുള്ള കാർ യാത്ര അവസാന യാത്രയായി. ഇക്കാര്യം പറഞ്ഞ് കൂട്ടുകാർ പൊട്ടിക്കരയുകയായിരുന്നു. വാഹനാപകടത്തില്‍ മരിച്ച എം.ബി.ബി.എസ്. വിദ്യാര്‍ഥികളായ അഞ്ചുപേര്‍ക്കും നിറകണ്ണുകളോടെയാണ് ടി.ഡി. മെഡിക്കല്‍ കോളജിലെ സഹപാഠികളും അധ്യാപകരും അടക്കമുള്ളവര്‍ യാത്രമൊഴിയേകിയത്. ശ്രീദീപ് വത്സന്റെ സംസ്‌കാരചടങ്ങുകളും ഇന്ന് വൈകിട്ട് പാലക്കാട് ചന്ദ്രനഗര്‍ ശ്മശാനത്തില്‍ നടന്നു.
അപകടത്തില്‍ പരിക്കേറ്റ 6 വിദ്യാര്‍ഥികള്‍ ഇപ്പോൾ ചികിത്സയിലാണ്.