KeralaNEWS

മധു മുല്ലശ്ശേരി ബിജെപിയിലേയ്‌ക്കെന്ന് സൂചന; പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പുറത്താക്കി സിപിഎം

തിരുവനന്തപുരം: സി.പി.എം മംഗലപുരം ഏരിയാ സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണമുന്നയിക്കുകയും ചെയ്ത മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കി സി.പി.എം. തിരുവനന്തപുരം ജില്ലാകമ്മിറ്റി. പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കുന്നുവെന്ന് ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി ഇറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോന്നതിന് പിന്നാലെ താന്‍ വേറെ പാര്‍ട്ടിയില്‍ ചേരുമെന്ന് മധു വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കാന്‍ മാധ്യമങ്ങളെ കാണുമെന്നും മധു അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍. ഇതിനിടെ മധു ബി.ജെ.പിയിലേക്കെന്ന സൂചനയാണ് ലഭിക്കുന്നതെങ്കിലും ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ മധു തയ്യറായില്ല. തന്നെ എല്ലാ പാര്‍ട്ടി നേതൃത്വവും ബന്ധപ്പെട്ടിരുന്നുവെന്നും മധു അറിയിച്ചിരുന്നു.

Signature-ad

മംഗലപുരം ഏരിയാ സെക്രട്ടറി സ്ഥാനത്തില്‍നിന്ന് മാറ്റിയതിന് പിന്നാലെയായിരുന്നു മധു സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്നത്. എന്നാല്‍, മധുവിനെതിരേ ഗുരുതരമായ പരാതി പാര്‍ട്ടിക്ക് ലഭിച്ചിരുന്നുവെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയ് പറഞ്ഞു. സാമ്പത്തികത്തട്ടിപ്പ് അടക്കമുള്ള ആരോപണങ്ങളുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍, വി.ജോയി ജില്ലയിലാകമാനം ഗ്രൂപ്പുണ്ടാക്കുകയാണെന്നും ഇതിന് കൂട്ടുനില്‍ക്കാത്തതുകൊണ്ടാണ് തന്നെ പുറത്താക്കിയതെന്നുമായിരുന്നു മധുവിന്റെ പ്രതികരണം. ജില്ലാ സെക്രട്ടറി വി.ജോയി ആസൂത്രിതമായി തന്നെ ഒഴിവാക്കിയതാണെന്നും മധു പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: