കണ്ണൂര്‍: വളപട്ടണം മന്നയിലെ അരിവ്യാപാരി കോറല്‍വീട്ടില്‍ കെ.പി.അഷ്‌റഫിന്റെ വീട്ടില്‍ കഴിഞ്ഞമാസം 20നു 1.21 കോടി രൂപയും 267 പവന്‍ സ്വര്‍ണവും കവര്‍ന്ന മോഷ്ടാവിനെ പിടിക്കുക പൊലീസിന് അഭിമാന പ്രശ്‌നമായിരുന്നു. കാരണം മറ്റൊന്നുമല്ല, കേരളത്തിലെ വീടുകളില്‍ നടന്ന ഏറ്റവും വലിയ മോഷണമാണിത്. കേസില്‍ പിടിയിലായ അയല്‍വാസി മുണ്ടച്ചാലി സി.പി. ലിജേഷിന്റെ (45) മോഷണശൈലി പൊലീസിനെയും അതിശയിപ്പിച്ചു.
മോഷ്ടാവ് ഇത്ര കൃത്യമായി വീട്ടിലെ ലോക്കര്‍ തുറന്നതെങ്ങനെയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ സംശയം. ലോക്കറിനെക്കുറിച്ചു കൃത്യം ധാരണയുണ്ടെങ്കിലേ ഒരു കേടും വരാതെ തുറക്കാന്‍ കഴിയൂ. ആദ്യം ഒരു താക്കോല്‍ ഉപയോഗിച്ചും രണ്ടാമത് മറ്റൊരു താക്കോലും ലിവറും ഒരേസമയം പ്രവര്‍ത്തിപ്പിച്ചുമാണു ലോക്കര്‍ തുറക്കുക. ഈരീതി കൃത്യമായി പാലിച്ചാണ് ലോക്കര്‍ തുറന്നതും.
വെല്‍ഡിങ് തൊഴിലാളിയായ ലിജേഷിന് മോഷണത്തില്‍ ‘തുണയായത്’ തന്റെ ജോലിയാണ്. വീടിന്റെ ജനലിന്റെ ഗ്രില്‍ ഇളക്കിമാറ്റാന്‍ ലിജേഷിന് അധിക സമയം വേണ്ടിവന്നില്ല. അകത്തു കയറി അലമാരകളിലാണ് ആദ്യം പരിശോധന തുടങ്ങിയത്. കിടപ്പുമുറിയിലെ ഒരു അലമാരയില്‍നിന്ന് മറ്റൊരു അലമാരയുടെ താക്കോല്‍ ലഭിച്ചു. ആ അലമാര തുറന്നപ്പോഴാണ് ലോക്കറിന്റെ താക്കോല്‍ ലഭിച്ചത്. മരത്തിന്റെ അലമാരയുടെ അകത്തായിരുന്നു ലോക്കര്‍.
ലോക്കര്‍ ഉണ്ടാക്കുന്നതിലും തുറക്കുന്നതിലും വിദഗ്ധനായ ലിജേഷിന്, 15 കൊല്ലം പഴക്കമുള്ള ലോക്കര്‍ പ്രശ്‌നമായിരുന്നില്ല. അതുകൊണ്ടുതന്നെ ഉടമയുമായി ബന്ധമുള്ള ആരെങ്കിലുമായിരിക്കുമോയെന്നും പൊലീസ് സംശയിച്ചിരുന്നു. ലോക്കര്‍ തുറക്കാന്‍ പ്രയാസമൊന്നുമുണ്ടായില്ലെന്നാണ് ലിജേഷ് പൊലീസിനോടു പറഞ്ഞത്. ലോക്കറില്‍നിന്നെടുത്ത സ്വര്‍ണവും പണവും അവിടെനിന്നെടുത്ത രണ്ടു ചാക്കിലാക്കിയാണു വീട്ടിലേക്കു കൊണ്ടുപോയത്.