ആലപ്പുഴ: സി.പി.എമ്മിലെ ജി. സുധാകരന്റെ നിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ വീട്ടിലെത്തി സന്ദര്‍ശിച്ച് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സൗഹൃദസന്ദര്‍ശനമാണെന്നാണ് ആലപ്പുഴ എം.പി.കൂടിയായ കെ.സി. വേണുഗോപാലിന്റെ പ്രതികരണം. സ്വാഭാവികസന്ദര്‍ശനമെന്ന് ജി. സുധാകരനും പറയുന്നു.
വിഭാഗീയത രൂക്ഷമായ ആലപ്പുഴയിലെ സി.പി.എമ്മില്‍ ജി. സുധാകരന്‍ അതൃപ്തനാണെന്ന് നേരത്തെതന്നെ അഭ്യൂഹങ്ങളുണ്ട്. അടുത്തകാലത്തായി സുധാകരന്റെ പല പ്രസ്താവനകളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രായനിബന്ധന ചൂണ്ടിക്കാട്ടി സുധാകരനെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയതാണ് അതൃപ്തിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ് ജി. സുധാകരന്‍.
പാര്‍ട്ടി മാനദണ്ഡങ്ങളെത്തുടര്‍ന്ന് സ്ഥാനങ്ങള്‍ മാത്രമാണ് ഒഴിയേണ്ടിവന്നതെന്ന് പറയുന്നുണ്ടെങ്കിലും പാര്‍ട്ടി പരിപാടികളില്‍നിന്ന് സുധാകരനെ നിരന്തരം മാറ്റി നിര്‍ത്തിയത് വാര്‍ത്തയായിരുന്നു. സുധാകരന്റെ നാട്ടില്‍ നടന്ന ഏരിയാ സമ്മേളനത്തില്‍നിന്നുപോലും അദ്ദേഹത്തെ ഒഴിവാക്കി. പറവൂരിലെ വീടിന് തൊട്ടടുത്ത് നടന്ന അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേയ്ക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല. എന്നാല്‍, മാറ്റിനിര്‍ത്തിയതല്ലെന്നും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് മാറ്റിനിര്‍ത്തിയതെന്നായിരുന്നു ജില്ലാ സെക്രട്ടറി ആര്‍. നാസറിന്റെ പ്രതികരണം.
സി.പി.എമ്മില്‍ ജി. സുധാകരന്റെ അവസ്ഥ ദയനീയമാണെന്ന് കഴിഞ്ഞ ദിവസം സി.പി.എം. വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ബിപിന്‍ സി. ബാബു അഭിപ്രായപ്പെട്ടിരുന്നു. ജി. സുധാകരന്‍ പാര്‍ട്ടിയില്‍ അസംതൃപ്തനാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രതികരിച്ചു. എന്നാല്‍, കെ. സുരേന്ദ്രന്‍ എന്തെങ്കിലും പറഞ്ഞാല്‍ താന്‍ അതിന് മറുപടി പറയണോയെന്നായിരുന്നു സുധാകരന്റെ മറുചോദ്യം.
തനിക്ക് എന്തിനാണ് അസംതൃപ്തിയെന്ന് സുധാകരന്‍ ചോദിക്കുന്നു. താന്‍ വളരെ പ്രധാനപ്പെട്ടൊരാളാണെന്ന് എതിരാളികള്‍ കരുതുന്നതുകൊണ്ടാണ് പാര്‍ട്ടിക്ക് പുറത്തുള്ളവരും പാര്‍ട്ടി വിട്ടുപോയവരും തന്നെക്കുറിച്ച് പരാമര്‍ശം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ രാഷ്ട്രീയ ജീവിതം അവഗണിക്കാന്‍ പറ്റില്ലെന്ന് അവര്‍ക്ക് ബോധ്യമുള്ളതുകൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെല്ലാമിടയിലാണ് കെ.സി. വേണുഗോപാല്‍ സുധാകരനെ നേരിട്ടെത്തി കണ്ടത്. ഞായറാഴ്ച രാവിലെ നടക്കേണ്ടിയിരുന്ന മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ കാമ്പയ്ന്‍ ഉദ്ഘാടനത്തില്‍നിന്ന് സുധാകരന്‍ വിട്ടുനിന്നിരുന്നു. വിവാദമാക്കേണ്ടെന്ന് കരുതിയാണ് താന്‍ വിട്ടുനിന്നത് എന്നായിരുന്നു പ്രതികരണം. എന്നാല്‍, ഇതിന് പിന്നാലെ കെ.സി. വേണുഗോപാല്‍ വീട്ടിലെത്തി. സന്ദര്‍ശനം സൗഹൃദപരമാണെന്നും രാഷ്ട്രീയ താത്പര്യങ്ങളൊന്നുമില്ലെന്നാണ് ഇരു നേതാക്കളും വ്യക്തമാക്കിയത്. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടതടക്കം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന സംഭവങ്ങള്‍ക്കിടെയാണ് ജി. സുധാകരനും കെ.സി. വേണുഗോപാലും തമ്മിലുള്ള കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.