KeralaNEWS

ഒപ്പമുണ്ടായിരുന്ന സന്ദീപും കൈയില്‍ വരേണ്ടിയിരുന്ന പാലക്കാടും പോയി; സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തമാകും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തൃശൂര്‍ വിജയത്തിനു പിന്നാലെ പാലക്കാടിലൂടെ നിയമസഭയില്‍ വീണ്ടും അക്കൗണ്ട് തുറക്കാമെന്നായിരുന്നു ബിജെപി പ്രതീക്ഷ. രണ്ടു ജില്ലകളിലും സംഘടനാ സംവിധാനങ്ങള്‍ ശക്തം, അനുകൂല ഘടകങ്ങളും ഏറെ. പാലക്കാട്ട് വിജയിച്ചിരുന്നെങ്കില്‍ ബിജെപിക്ക് വലിയ രാഷ്ട്രീയ നേട്ടമാകുമായിരുന്നു. സ്വയംകുഴിച്ച കുഴികളില്‍ വീണ് സ്വപ്നം പൊലിഞ്ഞു. പാലക്കാടും, സന്ദീപ് വാരിയരും കയ്യില്‍നിന്ന് പോയി. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രനും പാലക്കാട്ടെ സ്ഥാനാര്‍ഥി കൃഷ്ണകുമാറിനും എതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം ശക്തമാകുമെന്നതാണ് അനന്തരഫലം.

ആദ്യഘട്ടത്തിലെ ബിജെപി നീക്കങ്ങള്‍ കൃത്യമായിരുന്നു. കോണ്‍ഗ്രസ് വിട്ട് സരിന്‍ സിപിഎമ്മിലേക്ക് പോയതും, ഇതര ജില്ലക്കാരനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ജില്ലാ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മണ്ഡലത്തില്‍ സ്വീകാര്യനായ കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയത്. മറ്റ് പാര്‍ട്ടികള്‍ കുഴപ്പങ്ങളില്‍ പെട്ടപ്പോള്‍ ബിജെപി ചിട്ടയായ പ്രവര്‍ത്തനം നടത്തി. സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ ലക്ഷ്യമിട്ട് സന്ദീപ് വാരിയര്‍ പൊട്ടിച്ച വെടി പാര്‍ട്ടിയുടെ നെഞ്ചത്താണ് കൊണ്ടത്. കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തെപ്പറ്റി പാര്‍ട്ടിയില്‍ തന്നെ ഭിന്നസ്വരമുണ്ടായി. സമാധാന അന്തരീക്ഷം തകര്‍ന്നു. സന്ദീപ് വാരിയര്‍ പാര്‍ട്ടി വിട്ടു.

Signature-ad

അടുത്തിടെ മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തിയ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പ്രതീക്ഷ. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിനു താല്‍പര്യം. കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തെയാണ് സന്ദീപ് വാരിയര്‍ എതിര്‍ത്തത്. ശോഭയുടെ സ്ഥാനാര്‍ഥിത്വത്തോട് എതിര്‍പ്പില്ലായിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സന്ദീപിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിച്ചില്ലെന്ന് കരുതുന്നവര്‍ പാര്‍ട്ടിയിലുണ്ട്. സന്ദീപ് പാര്‍ട്ടി വിടുന്ന സാഹചര്യം ഒഴിവാക്കിയിരുന്നെങ്കില്‍ ഈ പരാജയവും ഒഴിവാക്കാമായിരുന്നെന്ന് അവര്‍ പറയുന്നു. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തോടെ മറ്റു പാര്‍ട്ടികളെ ബാധിച്ച വിഷയങ്ങള്‍ ദുര്‍ബലമായി.

ബിജെപിയില്‍ കെ.സുരേന്ദ്രന്റെ പ്രവര്‍ത്തന രീതിക്കെതിരെ പ്രതിഷേധമുള്ളവരുണ്ട്. തൃശൂരിലെ വിജയത്തോടെ ഈ എതിര്‍പ്പുകളെ മറികടക്കാന്‍ സുരേന്ദ്രനു കഴിഞ്ഞിരുന്നു. പാലക്കാട്ടെ തോല്‍വിയോടെ ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി വാദിച്ചവര്‍ സംസ്ഥാന നേതൃത്വത്തിനെതിരെ തിരിഞ്ഞേക്കാം. നഗര മേഖലകളില്‍ വോട്ട് നില ഉയര്‍ത്തി, മറ്റു മേഖലകളിലെ വോട്ട് നിലനിര്‍ത്തിയാല്‍ ജയിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ നഗരമേഖലയിലെ ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍പോലും വോട്ടുകള്‍ നഷ്ടമായി. ഇ.ശ്രീധരനെക്കാള്‍ 10671 വോട്ടുകള്‍ കൃഷ്ണകുമാറിന് കുറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ വോട്ടുചോര്‍ച്ചയുടെ ഒരു പ്രധാന ഘടകമായി. കഴിഞ്ഞ തവണ ഇ.ശ്രീധരന് വ്യക്തിപരമായി ലഭിച്ച വോട്ടുകളും പാര്‍ട്ടിക്ക് നഷ്ടമായി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: