ഷാര്‍ജ: യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കുമെന്ന് പ്രാദേശിക അധികാരികള്‍ സ്ഥിരീകരിച്ചു. ദേശീയ ദിനത്തിന്റെ ഭാഗമായി അവര്‍ക്ക് ഡിസംബര്‍ രണ്ട്, മൂന്ന്, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. തുടര്‍ന്ന് ഡിസംബര്‍ നാല്, ബുധന്‍ മുതല്‍ പതിവ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും ഷാര്‍ജ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. എന്നാല്‍ ഷാര്‍ജയില്‍, ഔദ്യോഗിക വാരാന്ത്യം വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെയായതിനാല്‍ പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യം ആസ്വദിക്കാം.
മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കും യുഎഇ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഷാര്‍ജ മാനവ വിഭവശേഷി വകുപ്പിന്റെ പ്രഖ്യാപനം. യുഎഇയിലെ വിവിധ മന്ത്രാലയങ്ങളിലും ഫെഡറല്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും നാലു ദിവസത്തെ അവധി യുഎഇ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലയിലെ യുഎഇ ജീവനക്കാര്‍ക്കും സമാനമായ അവധികള്‍ ലഭിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. പൊതു – സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കായി രാജ്യത്ത് നടപ്പിലാക്കിയ ഏകീകൃത അവധിക്കാല നയം എല്ലാ ജീവനക്കാര്‍ക്കും വര്‍ഷം മുഴുവനും തുല്യ ഇടവേളകള്‍ ഉറപ്പാക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
ഈ വര്‍ഷത്തെ 53-ാമത് ദേശീയ ദിനാഘോഷം ഈദ് അല്‍ എത്തിഹാദ് എന്ന് നാമകരണം ചെയ്യപ്പെട്ടിരുന്നു. അത് ‘യൂണിയന്’ (ഇത്തിഹാദ്) എന്നതിനെ പ്രതീകപ്പെടുത്തുകയും 1971 ഡിസംബര്‍ രണ്ടിന് നടന്ന എമിറേറ്റുകളുടെ ഏകീകരണത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. സാധാരണയായി രാജ്യത്തിന്റെ ഭരണാധികാരികളും നേതാക്കളും പങ്കെടുക്കുന്ന ഔദ്യോഗിക ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങള്‍ അല്‍ ഐനില്‍ വെച്ചാണ് നടക്കുക.
ഈ വര്‍ഷം യുഎഇയുടെ ദേശീയ ദിനാഘോഷങ്ങള്‍ക്ക് അല്‍ ഐന്‍ ആതിഥേയത്വം വഹിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. യുഎഇയിലെ ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന അല്‍ ഐനിലെ പ്രകൃതിരമണീയമായ പ്രകൃതിദൃശ്യങ്ങള്‍ക്ക് നടുവിലാണ് ഔദ്യോഗിക ചടങ്ങ് നടക്കുകയെന്ന് കമ്മിറ്റി അറിയിച്ചു. യുഎഇയിലുടനീളമുള്ള ആളുകള്‍ക്ക് ഡിസംബര്‍ രണ്ടിന് ദേശീയ ദിന അവധി 2024ന്റെ ആഘോഷങ്ങള്‍ പ്രാദേശിക ടിവി ചാനലുകളിലും സിനിമാശാലകളിലും തിരഞ്ഞെടുത്ത പൊതു ഇടങ്ങളിലും തത്സമയം കാണാം.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് ആഘോഷത്തിന് അല്‍ ഐന്‍ തിരഞ്ഞെടുത്തതെന്ന് സംഘാടക സമിതിയുടെ കമ്മ്യൂണിക്കേഷന്‍സ് മേധാവി അയ്ഷ അല്‍ നുഐമി പറഞ്ഞു. സുസ്ഥിരതയോടുള്ള യുഎഇയുടെ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് പ്രകൃതിയും പൈതൃകവും ഇഴചേരുന്ന നഗരമാണിത്. അന്തരിച്ച ശെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ഒരു യുവ ഭരണാധികാരിയായി തന്റെ ജൈത്രയാത്ര ആരംഭിച്ച സ്ഥലം കൂടിയാണ് അല്‍ ഐന്‍.