KeralaNEWS

ട്രോളിയുമായി പാലക്കാട്ട് യുഡിഎഫ് പ്രവര്‍ത്തകരുടെ ആഘോഷം; കള്ളപ്പണ ആരോപണത്തിന് ട്രോള്‍

പാലക്കാട്: വിവാദങ്ങളും ആരോപണങ്ങളുംകൊണ്ട് ഇളകിമറിഞ്ഞ പ്രചാരണത്തോടെ നടന്ന വോട്ടെടുപ്പില്‍ പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നേറ്റം കുറിച്ചതോടെ ആഘോഷവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രചാരണ കാലത്തുണ്ടായ കള്ളപ്പണ വിവാദത്തെ ട്രോളിക്കൊണ്ടാണ് പാലക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം നടന്നത്. കള്ളപ്പണമുണ്ടെന്ന് ആരോപണമുയര്‍ന്ന ട്രോളി ബാഗിനെ ഓര്‍മിപ്പിച്ചുകൊണ്ട് ട്രോളി ബാഗുമായി ആയിരുന്നു പ്രവര്‍ത്തകര്‍ ആഘോഷം സംഘടിപ്പിച്ചത്.

പ്രചാരണ രംഗത്ത് ഏറെ വിവാദം സൃഷ്ടിച്ചതായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നീല ട്രോളിയില്‍ പണം കടത്തിയെന്ന വിവാദം. സി.പി.എമ്മും ബി.ജെ.പിയുമായിരുന്നു രാഹുലിനെതിരേ ട്രോളി വിവാദം ഉയര്‍ത്തുകയും ഇതിന്റെ പേരില്‍ വനിതാ നേതാക്കളടക്കം താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തത്. എന്നാല്‍, ഒന്നും തെളിയിക്കാനാവാതെ വന്നതോടെ ആരോപണത്തില്‍ നിന്ന് അവര്‍ക്ക് പിന്‍വാങ്ങേണ്ടിയും വന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ട്രോളി വിവാദം ആരോപണമുന്നയിച്ചവര്‍ക്കുതന്നെ തിരിച്ചടിയാവുകയായിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടാണ് ഇപ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ട്രോളിബാഗുമായി തിരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയത്.

Signature-ad

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറാണ് മുന്നിട്ടുനിന്നതെങ്കിലും പിന്നീട് രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡുനില പിടിച്ചെടുക്കുകയായിരുന്നു. നഗരസഭാ മുന്നേറ്റത്തിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടം ഒപ്പമെത്താന്‍ കിതച്ചെങ്കിലും പിന്നീട് ലീഡുയര്‍ത്തിയിരുന്നു. ഇതോടെയാണ് ആഘോഷവും തുടങ്ങിയത്.

2021-ലും ഫോട്ടോ ഫിനിഷിലൂടെയായിരുന്നു മെട്രോമാന്‍ ഇ.ശ്രീധരനെതിരെ ഷാഫി പറമ്പിലിന്റെ ഹാട്രിക് വിജയം. വോട്ടെണ്ണലിന്റെ ഒമ്പതാം റൗണ്ടില്‍ പോലും കഴിഞ്ഞതവണ ഷാഫിക്കെതിരേ 9046 വോട്ടിന്റെ ലീഡുയര്‍ത്താന്‍ ഇ.ശ്രീധരന് കഴിഞ്ഞിരുന്നു. പക്ഷെ, നഗരസഭാ പരിധിയില്‍ നിന്നും ഗ്രാമസഭാ പരിധിയിലേക്ക് വോട്ടെണ്ണല്‍ എത്തിയതോടെ ശ്രീധരന്റെ ലീഡ് കുത്തനെ താണു. ഒടുവില്‍ 3859 വോട്ടിന്റെ ലീഡില്‍ ഷാഫി വിജയിച്ചുകയറുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: