IndiaNEWS

കര്‍ണാടകയില്‍ എംഎല്‍എമാര്‍ക്ക് ബിജെപിയുടെ 100 കോടി വാഗ്ദാനം; ആരോപണവുമായി കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനായി എംഎല്‍എമാര്‍ക്ക് ബിജെപി 100 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡ. എംഎല്‍എമാര്‍ക്ക് 50 കോട വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 100 കോടി വാഗ്ദാനം ചെയ്‌തെന്ന് കാണിച്ച് രവികുമാര്‍ രംഗത്തുവന്നത്.

കിറ്റൂര്‍ എംഎല്‍എ ബാബസാഹിബ് ഡി. പാട്ടീല്‍, ചിക്കമംഗളൂരു എംഎല്‍എ എച്ച്.ഡി തമ്മയ്യ എന്നിവരെ ബിജെപി ബന്ധപ്പെട്ടിട്ടുണ്ടെന്ന് രവികുമാര്‍ പറഞ്ഞു. ഇതിന്റെ രേഖകള്‍ തെന്റ കൈവശമുണ്ടെന്നും അത് പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേമസമയം, തങ്ങളെ ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് പാട്ടീലും തമ്മയ്യയും പറഞ്ഞു. തെളിവുകളുണ്ടെങ്കില്‍ പുറത്തുവിടണമെന്ന് ബിജെപിയും വെല്ലുവിളിച്ചു.

Signature-ad

‘എംഎല്‍എമാരെ വിലയ്ക്കുവാങ്ങി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമം ബിജെപി ഉപേക്ഷിക്കണം. ഓപ്പറേഷന്‍ കമലയില്‍ നമ്മുടെ എംഎല്‍എമാര്‍ വീഴില്ല. അവരുടെ ശ്രമങ്ങള്‍ തെളിയിക്കാനുള്ള രേഖകളും തെളിവുകളും ഞങ്ങളുടെ കൈവശമുണ്ട്. ഉചിതമായ സമയത്ത് ഞങ്ങളത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറത്തുവിടും’ -രവികുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ബിജെപിക്കെതിരെ നിരവധി ആരോപണങ്ങളാണ് വരുന്നത്. അവരുടെ നേതാക്കള്‍ ജയിലില്‍ പോകുമോയെന്ന ഭയത്തിലാണ്. അതിനാല്‍ തന്നെ എങ്ങനെയെങ്കിലും സര്‍ക്കാരുണ്ടാക്കാനാണ് അവരുടെ ശ്രമം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ പണമുപയോഗിച്ച് ഈ സര്‍ക്കാരിനെ താഴെയിറക്കാനാണ് ശ്രമം. കൂടാതെ അവര്‍ക്ക് കേന്ദ്രത്തില്‍നിന്നും ഫണ്ട് ലഭിക്കുന്നുണ്ട്. ജെഡിഎസും അവരോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. 50ഓളം എംഎല്‍എമാരെയാണ് ബിജെപി വശീകരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, അവരാരും പാര്‍ട്ടി മാറില്ല, കാരണം അവര്‍ അടിയുറച്ച കോണ്‍ഗ്രസുകാരാണ്’ -രാവികുമാര്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ 135 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് 66ഉം ജെഡിഎസിന് 19ഉം അംഗങ്ങളുണ്ട്.

 

 

Back to top button
error: