ബംഗളൂരു: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. കര്‍ണാടകയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. ചിക്കമംഗളൂരു- ഉഡുപ്പി അതിര്‍ത്തിയിലുള്ള സീതംബിലു വനമേഖലയില്‍ ഇന്നലെയാണ് കനത്ത ഏറ്റുമുട്ടലുണ്ടായത്.
ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവാണ് മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷന്‍സ് മേധാവി കൂടിയായ ഗൗഡ. ശൃംഗേരി,? നരസിംഹരാജപുര,? കാര്‍ക്കള,? ഉഡുപ്പി തുടങ്ങിയ മേഖലകളില്‍ ഗൗഡയുടെ സാന്നിദ്ധ്യം അടുത്ത ദിവസങ്ങിലായുണ്ടായിരുന്നു. ഈ പ്രദേശങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2016ലെ നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാന്‍ഡറാണ് വിക്രം ഗൗഡ.
കര്‍ണാടക പൊലീസും ആന്റി നക്സല്‍ ഫോഴ്സും ഹിബ്രി വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ അഞ്ച് മാവോയിസ്റ്റുകളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് വിക്രം ഗൗഡ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ മൂന്ന് മാവോയിസ്റ്റ് നേതാക്കള്‍ രക്ഷപ്പെട്ടെന്ന് വിവരമുണ്ട്. മുണ്ട് ഗാരു ലത,? ജയണ്ണ,? വനജാക്ഷി എന്നിവരാണ് രക്ഷപ്പെട്ടത്. ഇവര്‍ രണ്ട് മാസം മുന്‍പാണ് കേരളത്തില്‍ നിന്ന് ഉഡുപ്പിയിലെത്തിയതെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.