IndiaNEWS

3 വിദ്യാർഥിനികൾ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ച സംഭവം: റിസോർട്ട് ഉടമ പൊലീസ് പിടിയിൽ

     മംഗ്ളുറിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ 3 വിദ്യാർഥിനികൾ മുങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വാസ്കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ പുത്രനെ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. ഉള്ളാൾ ഉച്ചിലയിലെ റിസോർട്ടിൽ നിയമങ്ങൾ പാലിക്കാത്തതിനാലാണ് ദാരുണ സംഭവം ഉണ്ടായതെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

ഇതിനിടെ റിസോർട്ടിന്റെ ലൈസൻസും ടൂറിസം പെർമിറ്റും സസ്പെൻഡ് ചെയ്തു. അന്വേഷണം പൂർത്തിയാകുന്നതുവരെ റിസോർട്ട് സീൽ ചെയ്യും. ഞായറാഴ്ച സംഭവിച്ച അപകടത്തിൽ മൈസൂറിലെ നിശിത എം ഡി (21), പാർവതി എസ് (20), കീർത്തന എൻ (21) എന്നിവരാണ് മരിച്ചത്.

Signature-ad

വാരാന്ത്യ അവധിയിൽ ഉല്ലാസത്തിനാണ് 3 കൂട്ടുകാരികളും മംഗ്ളൂറിൽ എത്തിയതാണ്. ശനിയാഴ്ച  ബീച്ചിന് സമീപമുള്ള വാസ്കോ റിസോർട്ടിൽ മുറിയെടുത്തു. വിദ്യാർഥിനികളിൽ ഒരാൾ ആറടി ആഴമുള്ള നീന്തൽക്കുളത്തിൽ മുങ്ങിത്താഴ്ന്നപ്പോൾ മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടത്തിൽ പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

വിദ്യാർഥിനികൾക്ക് നീന്തൽ അറിയില്ലാതിരുന്നതാണ് മരണകാരണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. മരണപ്പെട്ട 3 പേരും മൈസൂറിൽ എൻജിനീയറിംഗിന് അവസാന വർഷം പഠിക്കുകയായിരുന്നു..

റിസോർട്ടിൽ ലൈഫ് ഗാർഡും നീന്തൽക്കുളത്തിന്റെ ആഴം സൂചിപ്പിക്കുന്ന യാതൊരു മുന്നറിയിപ്പ് ബോർഡുകളും ഉണ്ടായിരുന്നില്ലെന്നത്രേ. വിദ്യാർഥിനികൾ സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും എത്തിയില്ല. യുവതികൾ നീന്തൽക്കുളത്തിൽ വെള്ളത്തിൽ മല്ലിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Back to top button
error: