NEWSWorld

ഹിജാബ് വിരോധികളെ ചികിത്സിക്കാന്‍ ക്ലിനിക്കുമായി ഇറാന്‍

ടെഹ്റാന്‍: പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണമെന്ന രാജ്യത്തെ നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാനായി ക്ലിനിക്കുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇറാന്‍ സര്‍ക്കാര്‍. ഹിജാബ് റിമൂവല്‍ ട്രീറ്റ്മെന്റ് ക്ലിനിക്കെന്നാണ് ഇതിനുള്ള ചികിത്സാകേന്ദ്രത്തിന് പേരിട്ടിരിക്കുന്നത്. വനിതാ കുടുംബ വിഭാഗം മേധാവിയായ മെഹ്രി തലേബി ദരസ്താനിയാണ് ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

ഈ ക്ലിനിക്കുകള്‍ സ്ത്രീകള്‍ക്ക് ‘ഹിജാബ് വിഷയത്തില്‍ ശാസ്ത്രീയവും മാനസികവുമായ ചികിത്സ നല്‍കും. ഗവണ്‍മെന്റിന്റെ ഈ നീക്കത്തിനെതിരേ ഇറാനിലെ ഒരു വിഭാഗം സ്ത്രീകളും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഹിജാബ് നിയമങ്ങള്‍ അനുസരിക്കാത്ത സ്ത്രീകളെ ചികിത്സിക്കാനുള്ള ക്ലിനിക്ക് എന്നത് ഇസ്ലാമിക ആശയമല്ലെന്നും അത് ഇറാനിലെ നിയമങ്ങളെ അടിസ്ഥാനമാക്കിയല്ലെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു. ടെഹ്റാന്‍ ആസ്ഥാനത്തെ വനിതാകുടുംബ വകുപ്പ് ഇത്തരത്തിലൊരു നിലാപാടെടുത്തത് ഭയാനകമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Signature-ad

അലി ഖമേനിയുടെ നേരിട്ടുള്ള അധികാരത്തിന് കീഴിലാണ് ടെഹ്‌റാന്‍ ആസ്ഥാനത്തുള്ള വനിതാ കുടുംബ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ഇറാനിലുടനീളം, പ്രത്യേകിച്ച് സ്ത്രീകളുടെ വസ്ത്രധാരണം നിയന്ത്രിക്കുന്നതില്‍ കര്‍ശനമായ മതപരമായ നിയന്ത്രണങ്ങള്‍ നിര്‍വചിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഈ സംഘടനയുടെ ചുമതല.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു വിദ്യാര്‍ഥിനി ഇറാന്‍ ഭരണകൂടത്തിന്റെ ഹിജാബ് നിയന്ത്രണത്തിനെതിരേ അടിവസ്ത്രം മാത്രം ധരിച്ച് പ്രതിഷേധം നടത്തിയത്. 2022-ല്‍ ഇറാന്‍ സദാചാര പൊലീസിന്റെ കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട മഹ്‌സ അമിനിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരില്‍ ഖുര്‍ദിഷ് വംശജയായ മഹ്‌സയെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന പിന്നീട് കസ്റ്റഡിയില്‍ വെച്ച് മഹ്‌സ കൊല്ലപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: