KeralaNEWS

പ്രശാന്ത് കാംകോയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തി, തിരിച്ചുകൊണ്ടുവരണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി തൊഴിലാളി യൂണിയനുകള്‍

തിരുവനന്തപുരം: കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എന്‍ പ്രശാന്തിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കേരള ആഗ്രോ മെഷീനറി കോര്‍പറേഷന്‍ യൂണിയനുകള്‍. എഐടിയുസി, സിഐടിയു, കാംകോ ഓഫിസേഴ്‌സ് അസോസിയേഷന്‍, കാംകോ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് കാംകോ ഓഫിസേഴ്‌സ് എന്നീ സംഘടനകളാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

പ്രശാന്ത് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശേഷം കാംകോയുടെ പ്രവര്‍ത്തനം ലോകനിലവാരത്തിലേക്കു മെച്ചപ്പെടുത്തിയെന്നും അദ്ദേഹത്തെ തിരികെ നിയമിക്കുന്നത് സ്ഥാപനത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും കത്തില്‍ പറയുന്നു. കാംകോ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കിട്ടിരുന്നു. അതിനു പിന്നാലെയാണ് പ്രശാന്തിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ യൂണിയനുകള്‍ അടക്കം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

Signature-ad

എന്‍ പ്രശാന്തിന്റെ കുറിപ്പ്

കാംകോ മാനേജിംഗ് ഡയറക്ടറായി ചുമതല ഏറ്റെടുത്തിട്ട് രണ്ട് മാസമേ ആയുള്ളൂ. ഇത്രയും സ്‌നേഹവും ആത്മാര്‍ത്ഥതയുമുള്ള ടീമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത്, രണ്ട് മാസത്തേക്കാണെങ്കിലും, എന്റെ ഭാഗ്യം.

മിനിസ്റ്ററും, ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ഏക മനസ്സോടെ ഒരു സ്ഥാപനത്തെ നഷ്ടത്തില്‍ നിന്ന് കരേറ്റി ലോകോത്തര സ്ഥാപനമാക്കാന്‍ ഉറപ്പിച്ചാല്‍ അത് നടന്നിരിക്കും. രണ്‍ മാസം മുമ്പ് 71 കോടി ഡീലര്‍മാരില്‍ നിന്ന് കിട്ടാനും, 52 കോടി സപ്‌ളയര്‍മാര്‍ക്ക് നല്‍കാനും എന്ന ഗുരുതരാവസ്ഥയില്‍ നിന്ന് തുടങ്ങി ഇവിടം വരെ എത്തിയില്ലേ? നമ്മള്‍ ഇത് മറികടക്കും

ഡോ.ജയതിലകും ഗോപാലകൃഷ്ണനും മാതൃഭൂമി ലെഖകരും ചേര്‍ന്ന് ഗൂഢാലോചന നടത്തി സൃഷ്ടിക്കാന്‍ ശ്രമിച്ച വ്യാജ നറേറ്റീവ് പൊളിച്ച് ചവറ്റ്കുട്ടയിലിടുന്ന കാംകോ ജീവനക്കാരോട് ഒന്നേ പറയാനുള്ളൂ- ഞാന്‍ നിങ്ങളുടെ എംഡി അല്ലെങ്കിലും നമ്മള്‍ തുടങ്ങി വെച്ച ഓരോന്നും ഫലപ്രാപ്തിയിലേക്കെത്തണം.

ഈ ഘട്ടത്തില്‍ സത്യത്തിന് വേണ്ടി നിലകൊള്ളാന്‍ തീരുമാനിച്ച CITU, AITUC, INTUC യൂണിയനുകള്‍, ഓഫീസേസ് അസോസിയേഷനുകള്‍ ഏവര്‍ക്കും നന്ദി. നിങ്ങള്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോകണം. Diversification & export plans ഉള്‍പ്പെടെ. വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാന്‍ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയില്‍ കൂടെത്തന്നെ കാണും.

Back to top button
error: