കാസര്‍കോട്: ബേക്കല്‍ പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ മരണവും വീട്ടില്‍നിന്നു മൂന്നര കോടിയിലേറെ രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്ന ആരോപണവും അന്വേഷിക്കുന്ന അന്വേഷിക്കുന്ന പ്രത്യേക സംഘം കാസര്‍കോട് നഗരത്തിലെ പ്രമുഖ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനൊരുങ്ങുന്നു. നേരത്തെ മൊഴി നല്‍കിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്നാണ് അന്വേഷണ സംഘം വ്യാപാരികളുടെ മൊഴിയെടുക്കാനെത്തുന്നത്. ഇതിന്റെ ഭാഗമായി ഒരു വ്യാപാരിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി.
മറ്റുള്ളവരുടെ മൊഴികളും ഉടന്‍തന്നെ ശേഖരിച്ചേക്കുമെന്നാണ് സൂചന. 4 കിലോയിലേറെ തൂക്കമുള്ള (596 പവന്‍) സ്വര്‍ണാഭരണങ്ങള്‍ ആരുടെ കയ്യില്‍ എത്തിയെന്ന ചോദ്യത്തിനുള്ള ഉത്തരം കേസന്വേഷണത്തില്‍ നിര്‍ണായകമാകും. പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്‌മയില്‍ എം.സി.അബ്ദുല്‍ ഗഫൂറിനെ (55) 2023 ഏപ്രില്‍ 14നു പുലര്‍ച്ചെയാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മകളും മകന്റെ ഭാര്യയും ഈ സമയം ബന്ധുവീട്ടിലായിരുന്നുവെന്നു പൊലീസില്‍ നല്‍കിയ മൊഴിയിലും പരാതിയിലും വ്യക്തമാക്കിയിട്ടുണ്ട്.
പുതുതായി രൂപികരിച്ച അന്വേഷണ സംഘം ഈ കേസുമായി ബന്ധപ്പെട്ടു ഇതുവരെ നാല്‍പതോളം പേരെ ചോദ്യംചെയ്തു എന്നാണറിയുന്നത്. 2023 ഏപ്രില്‍ 14ന് ശേഷം ഗള്‍ഫിലേക്കു കടന്ന ചിലരെ തിരികെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമവും അന്വേഷണ സംഘം നടത്തുന്നുണ്ട്. മരണത്തിലും ആഭരണങ്ങള്‍ കാണാതായതിന്റെ പിന്നിലും ദുര്‍മന്ത്രവാദം നടത്തുന്ന മാങ്ങാടിനടുത്തെ യുവതിയും ഇവരുടെ പങ്കാളിയായ യുവാവിനെയും സംശയിക്കുന്നതായാണ് മകന്‍ നല്‍കിയ പരാതിയിലുള്ളത്.
ദുര്‍മന്ത്രവാദിനിയുടെ സഹായികളായ മധുര്‍, പൂച്ചക്കാട് സ്വദേശിനികളായ 2 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണ സംഘം കഴിഞ്ഞാഴ്ച ചോദ്യം ചെയ്തത്. കേസിന്റെ വഴിത്തിരിവിലേക്കു നീങ്ങുന്ന തരത്തിലുള്ള നിര്‍ണായക വിവരങ്ങള്‍ ഇവരില്‍ നിന്നു പൊലീസിനു കിട്ടിയിരുന്നു. ബാങ്കിലെ അക്കൗണ്ട് വിവരങ്ങളിലേക്ക് എത്തിയ പണമിടാപാടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇവര്‍ പരസ്പര വിരുദ്ധമായ മറുപടിയായിരുന്നു നല്‍കിയിരുന്നത്. ഇതേ തുടര്‍ന്നു അക്കൗണ്ടിലെ മുഴുവന്‍ വിവരങ്ങളും ബാങ്കില്‍ നിന്നു പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മന്ത്രവാദി സംഘത്തിലുള്ള ചിലരുടെ ഫോണിന്റെ ലൊക്കേഷന്‍ സംഭവ ദിവസം പൂച്ചക്കാട് പ്രദേശത്ത് കണ്ടെത്തിയതായി വിവരമുണ്ട്. അതിനാല്‍ ചിലരുടെ ഫോണുകളും പൊലീസ് പരിശോധിക്കാനായി ശേഖരിച്ചിട്ടുണ്ട്. എന്നാല്‍, മകന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ച ദമ്പതികളെ ഇതുവരെ ചോദ്യം ചെയ്തില്ലെന്നറിയുന്നു. മറ്റുള്ളവരില്‍ നിന്നുമായി ഒട്ടേറെ തെളിവുകള്‍ ശേഖരിച്ച് ഇവരെ ചോദ്യം ചെയ്യാനാണ് സംഘം ആലോചിക്കുന്നത്. മരിച്ചയാളും മന്ത്രവാദിനിയും തമ്മില്‍ കൈമാറിയ വാട്‌സാപ് സന്ദേശങ്ങളും പൊലീസ് വീണ്ടെടുത്തതായി അറിയുന്നു. മരിച്ച അബ്ദുല്‍ഗഫൂറില്‍ നിന്നു ആരോപണ വിധേയായ മന്ത്രവാദിനി 10 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിന്റെ രേഖകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.