LIFELife Style

അനാരോഗ്യവും മാനസിക പ്രശ്‌നങ്ങളും മൂലം മരണം ആവശ്യപ്പെട്ട് അലഞ്ഞത് നാലുവര്‍ഷം; കുടുംബത്തെയും നിയമ സംവിധാനങ്ങളെയും ബോധ്യപ്പെടുത്തിയത് ഏറെ കഷ്ടപ്പെട്ട്; എല്ലാം ശരിയായപ്പോള്‍ മരണത്തിന് തൊട്ടുമുന്‍പ് മനസ് മാറിയ യുവതിയുടെ കഥ

ലണ്ടന്‍: ദയാവധത്തിന് ഒരുങ്ങുകയും എന്നാല്‍ മാരകമായ കുത്തിവയ്പ്പ് നല്‍കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് മനസ്സ് മാറുകയും ചെയ്ത ഒരു ഡച്ച് സ്ത്രീയുടെ കഥ ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ചയാകുകയാണ്. അനാരോഗ്യവും മാനസിക പ്രശ്‌നങ്ങളും കാരണമാണ് യുവതി ദയാവധത്തിന് അപേക്ഷ നല്‍കിയത്. സ്വന്തം കുടുംബത്തേയും നിയമസംവിധാനങ്ങളയും തന്റെ ദുരവസ്ഥ ബോധ്യപ്പെടുത്താന്‍ യുവതി അലഞ്ഞുതിരിഞ്ഞത് നാല് വര്‍ഷമായിരുന്നു.

എന്നാല്‍ ഒടുവില്‍ എല്ലാം ശരിയായി മരണം എത്തുന്നതിന് തൊട്ട് മുമ്പ് യുവതിയുടെ മനസ് മാറുകയായിരുന്നു. ദയാവധം നടപ്പിലാക്കാനുള്ള കുത്തിവെയ്പ് എടുക്കുന്നതിന് തൊട്ടുമുമ്പാണ് യുവതി മരിക്കാനുള്ള തീരുമാനം മാറ്റിയത്. ബ്രിട്ടനില്‍ ദയാവധത്തിന് അനുമതി നല്‍കാനുള്ള ബില്‍ ചര്‍ച്ച ചെയ്യാനിരിക്കുന്ന വേളയിലാണ് ഇത്തരമൊരു വാര്‍ത്ത പുറത്ത് വരുന്നത്. കുട്ടിക്കാലത്തുണ്ടായ പീഡനത്തിന്റെ ഫലമായി യുവതി കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നു. കൂടാതെ ഭക്ഷണകാര്യങ്ങളില്‍ താല്‍പ്പര്യം ഇല്ലാതായതും എല്ലാം യുവതിയെ വല്ലാത്ത മാനസികാവസ്ഥയില്‍ കൊണ്ട് ചെന്നെത്തിച്ചു.

Signature-ad

റോമി എന്ന ഈ 22 കാരി പതിനെട്ടാമത്തെ വയസ് മുതല്‍ തന്നെ ദയാവധത്തിനായി അപേക്ഷ നല്‍കി അതിന് പിന്നാലെ നടക്കുകയായിരുന്നു. ഡോക്ടര്‍മാരുമായും ഉദ്യോഗസ്ഥരുമായും സ്വന്തം വീട്ടുകാരുമായെല്ലാം വളരെ വിശദമായ ചര്‍ച്ചയാണ് യുവതി നടത്തിയത്. ഡച്ച് നഗരമായ ലീഡനിലെ ഒരാശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് യുവതിയുടെ ദയാവധം നടപ്പിലാക്കേണ്ടിയിരുന്നത്. ആശുപത്രിക്കിടക്കയില്‍ കിടന്ന യുവതി തനിക്കായി ഒരുക്കിയ ശവപ്പെട്ടിയും മരണശേഷം ധരിക്കാനുള്ള വസ്ത്രവുമെല്ലാം കണ്ടിരുന്നു.

ലൈഫ് സക്ക്‌സ് എന് ്ആലേഖനം ചെയ്ത ടീ ഷര്‍ട്ടാണ് മരണശേഷം റോമിയുടെ ശരീരത്തില്‍ ധരിപ്പിക്കാനായി തയ്യാറാക്കിയിരുന്നത്. തുടര്‍ന്ന് സിറിഞ്ചുമായി എത്തിയ ഡോക്ടര്‍ റോമിയോട് പറഞ്ഞത് ആദ്യ കുത്തിവെയ്പ് നിങ്ങളുടെ സിരകളെ മരവിപ്പിക്കും രണ്ടാമത്തെ കുത്തിവെയ്പ് നിങ്ങളുടെ ശ്വാസോച്ഛാസം നിര്‍ത്തും അത് കഴിഞ്ഞാല്‍ നിങ്ങള്‍ വേഗം മരിക്കും എന്നാണ്. കുത്തിവെയ്പ് എടുക്കുന്നതിന് തൊട്ടുമുമ്പ് ഡോക്ടര്‍ റോമിയോട് ചോദിച്ചത് നിങ്ങള്‍ പറഞ്ഞ ഇക്കാര്യങ്ങള്‍ എല്ലാം ഉറപ്പല്ലേ എന്നാണ്. ഇത് ദയാവധം സ്വീകരിക്കുന്നവരോട് പതിവായി ചോദിക്കുന്ന ഒരു ചോദ്യമാണ്.

ഇത് അവരുടെ രാജ്യത്തെ നിയമവുമാണ്. പെട്ടെന്നാണ് റോമിക്ക് ഒരു പുതിയ ചിന്ത ഉണ്ടായത്. തൊട്ടരുകില്‍ അവരുടെ അമ്മയും നില്‍പ്പുണ്ടായിരുന്നു. തനിക്ക് ദയാവധം വേണ്ട എന്ന പെട്ടെന്ന് റോമി ഡോക്ടറോട് പറഞ്ഞു. പിന്നീട് ഒരു പ്രാവശ്യം കൂടി റോമി ദയാവധത്തിന് അപേക്ഷിച്ചു എങ്കിലും കൃത്യമായ കൗണ്‍സലിംഗും മറ്റും കാരണം അവര്‍ പൂര്‍ണമായി മനസ് മാറ്റുകയായിരുന്നു.

അങ്ങനെ ദയാവധത്തിനുളള തീരുമാനത്തില്‍ നിന്ന് അവര്‍ പിന്‍മാറുകയായിരുന്നു. ഇപ്പോള്‍ റോമി റോട്ടര്‍ഡാമില്‍ ഒരു വിദ്യാര്‍ത്ഥിനിയാണ്. ദയാവധത്തിനായി വാദിക്കുന്നവരുടെ മുന്നില്‍ റോമിയുടേത് മാതൃകാപരമായ ഒരു സംഭവമാണ്. നാല് വര്‍ഷം ദയാവധത്തിനായി കയറിയറങ്ങി നടന്ന റോമി മരണം മുന്നിലെത്തിയ നിമിഷം മനസ് മാറ്റിയത് നല്ല സൂചനയായിട്ടാണ് പലരും കരുതുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഈ മാസം 29 നാണ് ദയാവധം രാജ്യത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച ചര്‍ച്ച നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: