ലണ്ടന്‍: 5 ലക്ഷത്തിലേറെ അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ നഴ്‌സിങ് ട്രേഡ് യൂണിയനായ ‘റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങി’ന്റെ (ആര്‍സിഎന്‍) പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റ്യന്‍ തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍നിന്ന് ഒരാള്‍ ഈ സ്ഥാനത്തെത്തുന്നത്. ആലപ്പുഴ വണ്ടാനം സ്വദേശിയായ ബിജോയ്, യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ സീനിയര്‍ ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സാണ്.
യുകെയിലെ മലയാളികളായ നഴ്‌സിങ് ജീവനക്കാര്‍ ഒന്നടങ്കം പിന്തുണച്ചതോടെയാണു സ്വദേശികളായ സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കി ബിജോയ് ഉജ്വല വിജയം നേടിയത്. ബ്രിട്ടനിലെ മലയാളി നഴ്‌സുമാരുടെ ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിക്കാന്‍ ബിജോയിയുടെ നേതൃസാന്നിധ്യം ഏറെ സഹായകരമാകും. ഒക്ടോബര്‍ 14ന് ആരംഭിച്ച പോസ്റ്റല്‍ ബാലറ്റ് വോട്ടെടുപ്പ് നവംബര്‍ 11നാണ് സമാപിച്ചത്.
ഇതിനിടെ യുക്മ നഴ്‌സസ് ഫോറം ഉള്‍പ്പെടെയുള്ള നിരവധി മലയാളി സംഘടനകള്‍ ബിജോയിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും ബിജോയിയുടെ സ്ഥാനാര്‍ഥിത്വത്തിന് വന്‍ സ്വീകാര്യത ലഭിച്ചു. ബിജോയ് ഉള്‍പ്പെടെ 6 പേരാണ് മത്സരിച്ചത്. 2025 ജനുവരി ഒന്നു മുതല്‍ 2026 ഡിസംബര്‍ 31 വരെ രണ്ടുവര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. 1916ല്‍ ബ്രിട്ടനിലാണ് റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങ് പ്രവര്‍ത്തനം ആരംഭിച്ചത്.
കൃഷിവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥന്‍ വണ്ടാനം പുത്തന്‍പറമ്പില്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെയും സോഫിയയുടെയും മകനാണ് ബിജോയ്. കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സിങ് പഠനത്തിനും ഒരുവര്‍ഷത്തെ സേവനത്തിനും ശേഷം 2011 ലാണ് ബാന്‍ഡ്-5 നഴ്‌സായി ബിജോയ് ബ്രിട്ടനില്‍ എത്തിയത്. ഇംപീരിയല്‍ കോളജ് എന്‍എച്ച്എസ് ട്രസ്റ്റിലായിരുന്നു ആദ്യ ജോലി. 2015ല്‍ ബാന്‍ഡ്-6 നഴ്‌സായും 2016ല്‍ ബാന്‍ഡ്-7 നഴ്‌സായും കരിയര്‍ മെച്ചപ്പെടുത്തി.
2021ലാണ് ബാന്‍ഡ്-8 തസ്തികയില്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ എത്തുന്നത്. 2012ല്‍ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങില്‍ അംഗത്വം എടുത്തു. ഇംപീരിയല്‍ കോളജ് എന്‍എച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ഹാമര്‍സ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം നഴ്‌സ് ദിവ്യയാണ് ഭാര്യ. മകന്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഇമ്മാനുവേല്‍. ബിജോയിയുടെ സഹോദരി ബ്ലസിയും ഭര്‍ത്താവ് ജിതിനും ലണ്ടനില്‍ നഴ്‌സുമാരാണ്.