കണ്ണൂര്‍: മറ്റൊരു തിരഞ്ഞെടുപ്പ് ദിനത്തില്‍ക്കൂടി പാര്‍ട്ടിയെ വെട്ടിലാക്കിയ ആത്മകഥാ വിവാദത്തില്‍ കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കും. ഇ.പി നേരത്തേ നല്‍കിയ വിശദീകരണം മുഖവിലയ്ക്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം വിഷയം പാര്‍ട്ടി പരിശോധിക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇ.പി പങ്കെടുത്തേക്കുമെന്നും അവിടെവെച്ച് വിവാദ വിഷയത്തില്‍ പാര്‍ട്ടി വിശദീകരണം തേടിയേക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.
ആത്മകഥാ വിവാദത്തില്‍ ബുധനാഴ്ച ഇ.പിയെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചെങ്കിലും അദ്ദേഹത്തെ പാര്‍ട്ടി നേതൃത്വം പൂര്‍ണമായും വിശ്വാവസത്തിലെടുക്കുന്നില്ല എന്നാണ് സൂചനകള്‍. ആത്മകഥയുടെ പുറത്തുവന്ന ഭാഗങ്ങളില്‍ പല സംശയങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. ഹൈസ്‌കൂള്‍ പഠനകാലവും സംഘടനാ പ്രവര്‍ത്തനം തുടങ്ങിയതുമുതലുള്ള കാര്യങ്ങളുള്‍പ്പെടെ ഇ.പിയുടെ തീര്‍ത്തും വ്യക്തിപരമായ പല കാര്യങ്ങളും ആത്മകഥയുടേതായി പുറത്തുവന്ന ഭാഗങ്ങളിലുള്ളതാണ് സംശയത്തിന് ഇടയാക്കുന്നത്.
പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞുവരുന്നവഴി വെടിയേറ്റതിന്റെ വ്യക്തമായ വിവരണങ്ങളും ആ സമയത്ത് ചികിത്സിച്ച ഡോക്ടറുടെ പേരുമടക്കം പുറത്തുവന്ന ഭാഗങ്ങളിലുണ്ട്. ഇതോടൊപ്പം വിവിധ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങളും ഉണ്ട്. ഇ.പിയുടെ പൂര്‍ണ സമ്മതമില്ലാതെ ഇവ എങ്ങനെ ഡിസി ബുക്ക്സിന് ലഭിക്കുമെന്നതാണ് പാര്‍ട്ടിക്കകത്തു തന്നെയുള്ള സംശയം.
വാര്‍ത്ത പുറത്തുവന്നയുടന്‍ നിഷേധവുമായി ഇ.പി. രംഗത്തിറങ്ങിയെങ്കിലും പുസ്തകത്തിലെ തുറന്നുപറച്ചില്‍ സൃഷ്ടിച്ച പ്രത്യാഘാതത്തിന്റെ അമ്പരപ്പിലാണ് പാര്‍ട്ടി. പിന്നാലെ ഇ.പി.ജയരാജന്‍ പറയുന്നതാണ് പാര്‍ട്ടി മുഖവിലയ്ക്കെടുക്കുന്നതെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തന്നെ രംഗത്തെത്തിയത് വോട്ടെടുപ്പ് ദിവസത്തിലെ പ്രതിരോധതന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. പുസ്തകം എഴുതിയിട്ടില്ലെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ജയരാജന്‍ പറഞ്ഞിട്ടുണ്ട്. വിവാദം അദ്ദേഹത്തിന്റെ അറിവോടെയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ ജയരാജന്‍ പറഞ്ഞത് വിശ്വസിക്കുകയാണ് പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു.