കൊച്ചി: മകനെ ബൈക്കിലിരുത്തി ഡ്രൈവിങ് ടെസ്റ്റിനു കൊണ്ടുവന്ന പിതാവിനു ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്നു കണ്ടെത്തി മോട്ടര്‍ വാഹന വകുപ്പ് പിഴ ചുമത്തി. ഇന്നലെ രാവിലെ മകന്റെ ഡ്രൈവിങ് ടെസ്റ്റിന് ഒപ്പം വന്ന പിതാവ് പച്ചാളം സ്വദേശി വി.പി. ആന്റണിക്കു ലൈസന്‍സ് ഇല്ലാത്തതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് 9,500 രൂപ പിഴ ചുമത്തിയത്. പിതാവിന്റെ ബൈക്കിനു പിന്നിലിരുന്നു ടെസ്റ്റ് ഗ്രൗണ്ടിലെത്തിയ മകന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.
അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. ബിനു ഇതിന് പിഴ ചുമത്തി. ഇചലാനില്‍ രേഖപ്പെടുത്താന്‍ പിതാവിന്റെ ഡ്രൈവിങ് ലൈസന്‍സ് ചോദിച്ചപ്പോഴാണ് ഇല്ലെന്നു ബോധ്യമായത്. ബൈക്കിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇന്‍ഷുറന്‍സിന്റെയും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും കാലാവധി കഴിഞ്ഞിരുന്നു.
മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാലു കുറ്റങ്ങള്‍ക്കും കൂടിയാണു പിഴ ചുമത്തിയതെന്ന് ആര്‍ടിഒ ടി.എം. ജേഴ്‌സണ്‍ പറഞ്ഞു. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് 5,000, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനു 2,000, ഇന്‍ഷുറന്‍സ് ഇല്ലാത്തതിനു 2,000, പിന്നിലിരുന്നയാള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് 500 എന്നിങ്ങനെയാണു പിഴ. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലെത്തുന്ന വാഹനങ്ങളുടെ രേഖകളും ഓടിക്കുന്നവരുടെ ലൈസന്‍സും പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.