തിരുവനന്തപുരം: മാനവീയം വീഥിയും പരിസരവും രാത്രി സമയങ്ങളില്‍ ക്രിമിനല്‍ സംഘങ്ങള്‍ കൈയടക്കുന്നതായി ആക്ഷേപം. വ്യാഴാഴ്ച രാത്രി പത്തരയോടെ മാനവീയം വീഥിക്കടുത്തുള്ള ആല്‍ത്തറ ജംഗ്ഷനു സമീപത്തായി വെമ്പായം സ്വദേശിയായ ഷിജിത്തിന് കുത്തേറ്റതാണ് ഒടുവിലത്തെ സംഭവം. നൈറ്റ് ലൈഫിനായി സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച മാനവീയം വീഥി ഇടയ്ക്കിടെ ക്രിമിനല്‍ സംഘങ്ങളുണ്ടാക്കുന്ന അക്രമ സംഭവങ്ങളാല്‍ പേരിന് കളങ്കം നേരിടുകയാണ്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ മാനവീയം വീഥിയില്‍ പൊലീസ് നോക്കിനില്‍ക്കെ ബന്ധുക്കളായ യുവാക്കള്‍ക്കുനേരെ മദ്യപ സംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. നൈറ്റ് ലൈഫ് ആസ്വദിക്കാനെന്ന പേരില്‍ ലഹരിസംഘങ്ങളുടെ താവളമായി മാനവീയം വീഥി മാറുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കുടുംബവുമായി എത്തുന്നവര്‍ക്കും ക്രിമിനലുകള്‍ ഭീഷണിയാകുന്നുണ്ട്. മാനവീയം വീഥിയിലെത്തിയ അദ്ധ്യാപികയ്ക്കും കുടുംബത്തിനും നേരെ ലഹരി മാഫിയാ സംഘങ്ങളുടെ ആക്രമണമുണ്ടായത് കുറച്ചുനാള്‍ മുന്‍പാണ്.
ഇവിടെ നിരവധി തവണ ആക്രമണമുണ്ടായെങ്കിലും മാഫിയാസംഘത്തെ ഭയന്ന് ആരും പൊലീസില്‍ പരാതി നല്‍കാറില്ല.പൊലീസിന്റെ മേല്‍നോട്ടക്കുറവും എക്‌സൈസിന്റെ നിരീക്ഷണം കാര്യക്ഷമമല്ലാത്തതും ലഹരി സംഘങ്ങള്‍ സജീവമാകാന്‍ കാരണമായി. മുന്‍പൊരിക്കല്‍ കലാപരിപാടിക്കിടെ മദ്യപിച്ചെത്തിയ യുവാക്കള്‍ ചേരിതിരിഞ്ഞ് ഇവിടെ ഏറ്റുമുട്ടിയിട്ടുണ്ട്.സിഗരറ്റ് പുക മുഖത്തേക്ക് ഊതിയതിലും നൈറ്റ് ലൈഫിനിടെ ഡാന്‍സ് കളിക്കുന്നതിനെച്ചൊല്ലിയും പലപ്പോഴും അടിപിടിയുണ്ടായി. നൈറ്റ് ലൈഫ് ആസ്വദിക്കാനെത്തിയ സംഘം വീഥിയിലെ വൈദ്യുതിവിളക്കുകളും ടൈലുകളും അടിച്ചു തകര്‍ത്തിരുന്നു. കലാപരിപാടികള്‍ നടക്കുമ്പോള്‍ നൃത്തം വയ്ക്കുന്നതിന്റെ പേരിലാണ് പലപ്പോഴും സംഘര്‍ഷമുണ്ടാകുന്നത്.
ഒന്നര വര്‍ഷത്തിനിടെ ലഹരിമാഫിയ സംഘങ്ങളുടെ നേതൃത്വത്തില്‍ ഇവിടെ പതിനഞ്ചോളം ആക്രമണങ്ങള്‍ നടന്നെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്. മാനവീയം വീഥിയില്‍ ലഹരിസംഘങ്ങള്‍ താവളമാക്കുന്നുവെന്നും അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നും മാസങ്ങള്‍ക്ക് മുന്‍പ് സി.പി.എം നേതാവും മുന്‍ കൗണ്‍സിലറുമായ ഐ.പി.ബിനു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
സിന്തറ്റിക്ക് ലഹരി ഉള്‍പ്പെടെയുള്ളവയുടെ വിപണനവും ഉപയോഗവും വലിയ രീതിയില്‍ നടക്കുന്നുണ്ട് എന്നതുള്‍പ്പെടുത്തി സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിച്ച റിപ്പോര്‍ട്ടും ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കര്‍ശനമായ നടപടികളും നിരീക്ഷണങ്ങളുമില്ലാതെ വന്നതോടെ അക്രമങ്ങള്‍ പതിവാകുകയാണ്.