Breaking NewsLead NewsSports

ആർച്ചർക്കുള്ളത് അങ്ങ് ചെപ്പോക്കിൽ കൊടുത്തുതീർത്തു, ഇനിയും തീർക്കാനുണ്ട് കുറച്ചു കണക്കുകൂ‌ടി, ഹെൻറി, സാന്റന‍ർ, ഫെ‍ർഗൂസൺ… സ്വന്തം മണ്ണിൽ കാണികൾക്കു മുന്നിൽ തല കുനിയിപ്പിച്ച ഫെ‍ർഗൂസനിട്ട് അഹമ്മദാബാദിലിട്ട് കൊടുക്കുമോ സഞ്ജു?

ഏഷ്യാക്കപ്പിനെ ഹീറോയിൽ നിന്ന് രണ്ടാം തരക്കാരനിലേക്കും, പിന്നീട് ഡ​ഗൗട്ടിലേക്കും മാറ്റിയിരുത്താൻ കാരണക്കാരായവർ ഇന്ന് നേർക്കുനേർ വരുമ്പോൾ തീർക്കാൻ കണക്കുകൾ ആരേക്കാൾ കൂടുതലുള്ളത് സഞ്ജുവിന് തന്നെയാണ്… പ്രത്യേകിച്ചും ന്യൂസിലൻഡ് നിരയിലെ മൂന്നുപേർ… മാറ്റ് ഹെൻറി, മിച്ചൽ സാന്റന‍ർ, ലോക്കി ഫെ‍ർഗൂസൺ. ഇതിനുമുൻപൊരു കണക്കുണ്ടായിരുന്നു ജോഫ്രെ ആർച്ചർ, അതങ്ങ് ചെപ്പോക്കിൽ തീർത്തിട്ടാണ് മലയാളി താരം അഹമ്മദാബാദിന് വിമാനം കയറിയത്. ന്യൂസിലാൻഡിനോടുള്ള കണക്കിന് വർഷങ്ങളുടെ പഴക്കമൊന്നുമില്ല, വെറും ഒന്നോ, രണ്ടോ മാസം മാത്രം. 2026 ജനുവരി 31ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്കൊന്ന് എത്തിനോക്കിയാൽ മതി. ആ പരമ്പരയിലെ സഞ്ജുവിന്റെ സ്കോ‍റുകൾ, പത്ത്, ആറ്, പൂജ്യം, 24, ആറ്. മാറ്റ് ഹെൻറിക്ക് മുന്നിൽ വീണത് രണ്ട് തവണ. സാന്റനറിന്റെ പന്തിൽ ബൗൾഡ്. കൂടാതെ കെയിൽ ജാമിസണും ഫെ‍ർഗൂസണും ഓരോ പ്രാവശ്യം.

ഏഷ്യാക്കപ്പിൽ മിന്നും പ്രകടനത്തോടെ ലോകകപ്പിലേക്കും ഓപ്പണർ സ്ഥാനത്തേക്കും കസേര ഉറപ്പിച്ചതിൽ നിന്ന് ഇഷാൻ കിഷനെ അവിടെ അവിടെ കുടിയിരുത്തി ഡഗൗട്ടിലേക്ക് സഞ്ജുവിന്റെ സ്ഥാനം തെറിച്ചു. അഞ്ച് മത്സരങ്ങളിൽ നിന്ന് 46 റൺസായിരുന്നു അന്ന് സഞ്ജുവിന്റെ സമ്പാദ്യം.

Signature-ad

എന്നാൽ സൂപ്പർ എട്ട്, സെമി പ്രകടനത്തോടെ കാര്യങ്ങൾ സഞ്ജുവിന്റെ കോർട്ടിലെത്തിയിരിക്കുകയാണ്. അന്ന് ന്യൂസിലൻഡ് അനായാസം വീഴ്ത്തിയ സഞ്ജുവല്ല അഹമ്മദാബാദിലെ കലാശപ്പോരിന് പാ‍ഡ് കെട്ടിയിറങ്ങുക. രണ്ട് തവണ കിരീടം ചൂടിയ വെസ്റ്റ് ഇൻഡീസിനേയും ഇംഗ്ലണ്ടിനേയും ഒറ്റയ്ക്ക് കീഴടക്കിയതിന്റെ എല്ലാ ആത്മവിശ്വാസവും അയാൾക്ക് ഒപ്പമുണ്ട്. സമ്മർദത്തിന്റെ ഒരു കണികപോലും അഹമ്മദാബാദിൽ അയാളുടെ ശരീരഭാഷയിലുണ്ടാകില്ലെന്ന് ക്രിക്കറ്റ് പണ്ഡിതന്മാർ തന്നെ വിധിയെഴുതി. കാരണം പടിയിറക്കത്തിനു തൊട്ടുമുൻപ് കിട്ടിയ ഒരു ലാസ്റ്റ് ചാൻസിൽ നിന്നാണ് അയാൾ കളിക്കളത്തിൽ വെടിക്കെട്ടിന്റെ മാലപ്പടക്കത്തിന് തിരികൊളുത്തിയത്.

അതുകൊണ്ടുതന്നെ ന്യൂഡിലാൻഡ് കന്നി കിരീടം ചൂടണമെങ്കിൽ ആദ്യം സഞ്ജുവിനെ വീഴ്ത്തണം… പക്ഷെ കണക്കുകൾ നോക്കിയാൽ കരിയറിൽ സഞ്ജു ഹെൻറിയുടെ പത്ത് പന്തുകൾ മാത്രമാണ് നേരിട്ടിട്ടുള്ളത്. സ്കോ‍ർ ചെയ്തത് 15 റൺസ്. രണ്ട് തവണ പുറത്തായി. മാറ്റ് ഹെൻറിക്ക് വിക്കറ്റ് നൽകിയ രണ്ട് പ്രാവശ്യവും ഇന്ത്യക്കായി സ്ട്രൈക്ക് എടുത്തത് സഞ്ജുവായിരുന്നു. ആദ്യ ഓവർ അതിജീവിക്കാൻ ഒരിക്കലും സഞ്ജുവിനെ ന്യൂസിലൻഡ് പേസ‍ർ അനുവദിച്ചിട്ടില്ല. റായ്പൂരിൽ അഞ്ചാം പന്തിലും ഗുവാഹത്തിയിൽ ആദ്യ പന്തിലും മാറ്റ് ഹെൻറി ആ ബാറ്റിൽ ജയിച്ചു.

ഹെൻറി കഴിഞ്ഞാൽ ന്യൂസിലൻഡ് നിരയിൽ സഞ്ജുവിനെതിരെ മികച്ച റെക്കോർഡുള്ളത് കിവീസ് നായകൻ സാന്റനറിനാണ്. അന്താരാഷ്ട്ര ടി20യിൽ സാന്ററിന്റെ മൂന്നേ മൂന്ന് പന്തുകളെ സഞ്ജു അതിജീവിച്ചിട്ടുള്ളു. ക്ലീൻ ബൗൾഡ്, നേടിയത് ഒരു റൺസ് മാത്രം. ഐപിഎല്ലിലെ സാന്റനറിനെതിരായ സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് കേവലം 14.3 ആണ്. അതുപോലെ ഏഴ് പന്തിൽ പുറത്താക്കിയത് രണ്ട് തവണ.

ലോക്കി ഫെ‍ർഗൂസണിനെതിരായ സഞ്ജുവിന്റെ നോക്കിയാലും സമാനമാണ്. അന്താരാഷ്ട്ര തലത്തിൽ ടി20യിൽ ഫെ‍ർഗൂസൺ ഒരു തവണ മാത്രമാണ് സഞ്ജുവായി‍ നേ‍ർക്കുനേ‍ർ വന്നിട്ടുള്ളത്, അതും സ്വന്തം നാട്ടിൽ… അന്നും പരാജിതനായി മടങ്ങേണ്ടി വന്നു. ഇനി ഐപിഎല്ലിൽ നോക്കിയാൽ ഫെർഗൂസണിന്റെ 18 പന്തുകളിൽ നിന്ന് സഞ്ജുവിന് 17 റൺസാണ് സ്കോർ ചെയ്യാനായിട്ടുള്ളത്. നേടിയത് രണ്ട് ബൗണ്ടറി, ഒരു തവണ പുറത്തായി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: